ബാറ്റിങ് അത്ര എളുപ്പമല്ലാത്ത ട്രിക്കി പിച്ചില്‍ ഒച്ചിഴയും പോലുള്ള ഔട്ട്ഫീല്‍ഡിന്റെ സ്വഭാവം മനസിലാക്കി ക്ഷമയുടെ നെല്ലിപ്പലക തീര്‍ത്ത 'കോലി ബ്രില്ല്യന്‍സ്' ക്രിക്കറ്റ് ആരാധകര്‍ക്കു ഒരു വിരുന്നായിരുന്നു. 98 പന്തില്‍ 84 റണ്‍സെടുത്ത് കോലി പുറത്താകുമ്പോള്‍ ഇന്ത്യ ഏറെക്കുറെ ജയം ഉറപ്പിച്ചിരുന്നു. അഞ്ച് ഫോറുകള്‍ മാത്രം അടങ്ങിയതാണ് കോലിയുടെ ഇന്നിങ്‌സ്. അതായത് അനായാസം ബൗണ്ടറികള്‍ നേടാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ കോലി ക്ഷമയോടെ ഓടിയെടുത്തത് 64 റണ്‍സ് !
ദുബായില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് കോലി സ്വന്തം പേരിലാക്കിയത്. ഐസിസി ഏകദിന ഇവന്റുകളില്‍ (ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് വ്യക്തിഗത സ്‌കോറുകള്‍ക്ക് ഉടമയായിരിക്കുകയാണ് കോലി. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഐസിസി ഏകദിന ഇവന്റുകളില്‍ 53 ഇന്നിങ്സുകളില്‍ നിന്ന് 24 തവണയാണ് കോലി 50 കടന്നിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത സ്‌കോര്‍ നേടിയിരിക്കുന്നത്.
ഐസിസി നോക്ക്ഔട്ട് മാച്ചുകളില്‍ (എല്ലാ ഫോര്‍മാറ്റിലുമായി) ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരവും കോലി തന്നെ. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഐസിസി നോക്ക്ഔട്ട് മാച്ചുകളില്‍ ആറ് തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോലി ഈ നേട്ടം കൈവരിച്ചിരിക്കുന്നത് പത്ത് തവണയാണ്.
ഐസിസി ടൂര്‍ണമെന്റുകളിലെ നോക്ക്ഔട്ട് മത്സരങ്ങളില്‍ മാത്രം 1,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി. 23 ഇന്നിങ്‌സുകളില്‍ നിന്ന് 1023 റണ്‍സാണ് കോലി ഐസിസി നോക്ക്ഔട്ട് മാച്ചുകളില്‍ മാത്രം സ്‌കോര്‍ ചെയ്തിരിക്കുന്നത്. 22 ഇന്നിങ്‌സുകളില്‍ നിന്ന് 808 റണ്‍സുള്ള രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും 18 ഇന്നിങ്‌സുകളില്‍ നിന്ന് 731 റണ്‍സുള്ള ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്തുമാണ്.