ഇനി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ ഓപ്പണർ നീ തന്നെ, അഭിഷേകിന് ആ ഉറപ്പ് ലഭിച്ചിരുന്നു

അഭിറാം മനോഹർ

ഞായര്‍, 1 മാര്‍ച്ച് 2026 (12:17 IST)
തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായാലും ടീമില്‍ നിന്ന് പുറത്താകില്ലെന്ന ഉറപ്പ് മാനേജ്‌മെന്റില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്നതായി ഇന്ത്യന്‍ ഓപ്പണിംഗ് താരമായ അഭിഷേക് ശര്‍മ. സിംബാബ്വെയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ഫോമില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്റില്‍ നിന്നും ലഭിച്ച പിന്തുണയെ പറ്റി അഭിഷേക് മനസ്സുതുറന്നത്. സിംബാബ്വെയ്‌ക്കെതിരെ 72 റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
 
 നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളില്‍ പൂജ്യനായി മടങ്ങിയ അഭിഷേക് ദക്ഷിണാഫ്രിക്കക്കെതിരെ 12 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു. അഭിഷേകിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സിംബാബ്വെയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തി  താരം തിരിച്ചുവന്നത്. 30 പന്തില്‍ 55 റണ്‍സാണ് സിംബാബ്വെയ്‌ക്കെതിരെ അഭിഷേക് നേടിയത്.
 
ഞാന്‍ ആഗ്രഹിച്ചത് പോലെയൊരു തുടക്കമല്ല ലോകകപ്പില്‍ എനിക്ക് ലഭിച്ചത്. തുടക്കത്തിലെ ആശുപത്രിയിലായിരുന്നു. 3 മത്സരങ്ങളില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇനിയും പൂജ്യത്തിന് പുറത്തായാലും എല്ലാ മത്സരങ്ങളും കളിപ്പിക്കുമെന്ന ഉറപ്പ് എനിക്ക് ലഭിച്ചിരുന്നു. ഇന്ത്യയ്ക്കായി എനിക്ക് മത്സരങ്ങള്‍ ജയിപ്പിക്കാനാകുമെന്ന് ടീം മാനേജ്‌മെന്റ് വിശ്വസിച്ചു. അതാണ് ഒരു താരത്തിന് ലഭിക്കേണ്ട പിന്തുണയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ അഭിഷേക് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍