ഏകദിന ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 84 റണ്‍സിന്റെ മാച്ച് വിന്നിംഗ് പ്രകടനത്തിന് പിന്നാലെയാണ് കോലിയെ പ്രശംസിച്ചുകൊണ്ട് ക്ലാര്‍ക്ക് രംഗത്ത് വന്നത്. വിജയത്തോടെ ഫൈനലിലേക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
സാഹചര്യങ്ങള്‍ വിലയിരുത്തി സമ്മര്‍ദ്ദത്തിന് കീഴിലും ടീമിനെ വിജയത്തിലെത്തിക്കാനുള്ള കോലിയുടെ മികവ് അപാരമാണ്. ടീമിന് എന്താണ് വേണ്ടതെന്നും എങ്ങനെ ടീമിനെ വിജയത്തിലെത്തിക്കാമെന്നും കോലിയ്ക്ക് നന്നായി അറിയാം. കോലിയുടെ എല്ലാ ഷോട്ടുകളും പുസ്തകത്തിലുള്ളതാണ്. ഏറ്റവും വലിയ വേദികളിലാണ് കോലി താന്‍ ഏറ്റവും മികച്ചവനെന്ന് തെളിയിക്കുന്നത്. അത് അദ്ദേഹം തുടരുകയാണെന്നും മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.