ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ അവിഭാജ്യ ഘടകമാകാന്‍ സാധ്യതയുള്ള താരമാണ് സഞ്ജു സാംസണ്‍. മധ്യനിരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരാന്‍ കെല്‍പ്പുള്ള താരം. വിരാട് കോലി, രോഹിത് ശര്‍മ എന്നീ മുതിര്‍ന്ന താരങ്ങള്‍ ടി 20 ക്രിക്കറ്റിനോട് ഗുഡ് ബൈ പറയുമ്പോള്‍ അവര്‍ക്ക് പകരക്കാരായി ടീമിലെത്താന്‍ മത്സരിക്കുന്ന യുവതാരങ്ങളില്‍ സഞ്ജുവും ഉണ്ട്. അതുകൊണ്ടാണ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ താരം സ്ഥാനം പിടിച്ചത്.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ വണ്‍ഡൗണ്‍ ബാറ്ററായി സഞ്ജു എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജു ടി 20 ക്ക് പറ്റിയ ഹാര്‍ഡ് ഹിറ്ററാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തുടരാനാണ് സാധ്യത. മികച്ച ഫീല്‍ഡര്‍ കൂടിയായതിനാല്‍ സഞ്ജുവിനെ ബഞ്ചിലിരുത്താന്‍ പരിശീലകന്‍ വി.വി.എസ്.ലക്ഷ്മണ്‍ തയ്യാറാകില്ല.
സഞ്ജു ഇന്ത്യയുടെ ടി 20 ഭാവി പദ്ധതികളുടെ ഭാഗമാണെന്ന് ബിസിസിഐ വൃത്തങ്ങളും വ്യക്തമാക്കുന്നു. 2024 ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് വമ്പന്‍ മാറ്റങ്ങളാണ് ടീമില്‍ കൊണ്ടുവരുന്നത്.