'സുവര്‍ണാവസരങ്ങള്‍ എങ്ങനെ തുലയ്ക്കാമെന്ന് സഞ്ജു ക്ലാസെടുക്കും'; മലയാളി താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം, കരിയര്‍ സംശയനിഴലില്‍

Webdunia
വ്യാഴം, 29 ജൂലൈ 2021 (13:21 IST)
ലഭിക്കുന്ന സുവര്‍ണാവസരങ്ങളെല്ലാം മലയാളി താരം സഞ്ജു സാംസണ്‍ തുലച്ചുകളയുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി 20 മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ കാരണം. ടി 20 ലോകകപ്പ് അടുത്തിരിക്കെ തന്റെ കഴിവ് പുറത്തെടുക്കാന്‍ സഞ്ജുവിന് ലഭിച്ച മികച്ച അവസരമാണ് ശ്രീലങ്കന്‍ പര്യടനമെന്നും എന്നാല്‍ അതില്‍ അദ്ദേഹം പരാജയപ്പെടുകയാണെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. രണ്ടാം ടി 20 മത്സരത്തില്‍ 13 ബോളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമെടുത്താണ് സഞ്ജു പുറത്തായത്. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ സഞ്ജു ഇനിയും പഠിക്കണമെന്നാണ് ചിലരുടെ വിമര്‍ശനം. 
 
ഇന്ത്യയ്ക്കായി ഒന്‍പത് ടി 20 മത്സരങ്ങള്‍ സഞ്ജു ഇതുവരെ കളിച്ചു. ഒരിക്കല്‍ പോലും 30+ റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ 20 പന്തില്‍ നിന്ന് നേടിയ 27 റണ്‍സാണ് ടി 20 യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇതുവരെ കളിച്ച ഒന്‍പത് ടി 20 മത്സരങ്ങളില്‍ നാല് കളികളിലും രണ്ടക്കം കണ്ടിട്ടില്ല. ഇരുപതില്‍ കൂടുതല്‍ റണ്‍സ് എടുത്തത് രണ്ട് കളികളില്‍ മാത്രം. കണക്കിലെ കളികള്‍ സഞ്ജുവിന് അത്ര ആശ്വസിക്കാനുള്ള വക നല്‍കുന്നില്ല. മറുവശത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. 
 
സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് ട്വിറ്ററില്‍ ശ്രദ്ധേയമായ ചില പ്രതികരണങ്ങള്‍ ഇങ്ങനെ: 
 
'സുവര്‍ണാവസരങ്ങള്‍ എങ്ങനെ തുലയ്ക്കാമെന്ന വിഷയത്തില്‍ സഞ്ജുവിന് ഒരു കോച്ചിങ് ക്ലാസ് നല്‍കാന്‍ സാധിക്കും. ഒരു കളിയില്‍ കൂടി സഞ്ജുവിനെ കാണാം. പിന്നീട് എപ്പോള്‍ കാണാന്‍ കഴിയുമെന്ന് പറയാന്‍ പറ്റില്ല,'
 
'ഈ പ്രകടനംകൊണ്ട് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഒരുപാട് മുന്നേറാന്‍ കഴിയുമെന്ന് തോന്നുന്നില്ല,'
 
'ഹസരംഗയുടെ ആറ് ബോളുകളിലും ഒരു എത്തുംപിടിയിലും ഇല്ലാത്ത വിധമാണ് സഞ്ജു നിന്നത്. ഗൂഗ്ലിയെ നേരിടുന്നതിലും സഞ്ജു പരാജയപ്പെട്ടു. ലെഗ്-ബ്രേക്ക്‌സില്‍ പന്തെറിഞ്ഞ് സഞ്ജുവിനെ പരീക്ഷിക്കാന്‍ ഹസരംഗയ്ക്കും കഴിഞ്ഞു. ഹസരംഗയുടെ ആറ് പന്തുകളില്‍ നിന്ന് സഞ്ജു നേടിയത് വെറും രണ്ട് റണ്‍സ് മാത്രമാണ്,'
 
സഞ്ജുവിനെതിരെ നിരവധി ട്രോളുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article