ക്രുണാലുമായി സമ്പര്‍ക്കമുള്ള എട്ട് താരങ്ങള്‍ രണ്ടാം ടി 20 കളിക്കില്ല ! ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം?

ബുധന്‍, 28 ജൂലൈ 2021 (15:11 IST)
ചൊവ്വാഴ്ച കോവിഡ് പോസിറ്റീവ് ആയ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ ഒരാഴ്ച ശ്രീലങ്കയില്‍ ഐസൊലേഷനില്‍ കഴിയും. തുടര്‍ച്ചയായി ആര്‍ടി-പിസിആര്‍ ടെസ്റ്റ് മൂന്ന് തവണ നെഗറ്റീവ് ആയ ശേഷം മാത്രമേ ക്രുണാലിന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂ. ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ച ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി 20 മത്സരം ഇന്ന് രാത്രി എട്ടിന് ആരംഭിക്കും. 
 
ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് താരങ്ങളെ ഇന്നലെ തന്നെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ കോവിഡ് ടെസ്റ്റ് നടത്തി. എട്ട് പേര്‍ക്കും നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് നെഗറ്റീവ് ആണെങ്കിലും ഈ താരങ്ങള്‍ ഇന്ന് നടക്കുന്ന രണ്ടാം ടി 20 മത്സരത്തില്‍ കളിക്കില്ല. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് അടക്കമുള്ള താരങ്ങള്‍ ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ എട്ട് താരങ്ങളെ മാറ്റിനിര്‍ത്തി വേണം ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങാന്‍. ശ്രീലങ്കയുടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കോവിഡ് പോസിറ്റീവായ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും ഐസൊലേഷനില്‍ തുടരണം. കോവിഡ് നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരേണ്ടത് നിര്‍ബന്ധമാണ്. 
 
16 താരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ നിന്നാണ് രണ്ടാമത്തെയും മൂന്നാമത്തെയും ടി 20 ടീമിനെ തിരഞ്ഞെടുക്കേണ്ടത്. ഈ 16 പേരില്‍ അഞ്ച് പേര്‍ അണ്‍ക്യാപ്ഡ് നെറ്റ് ബൗളേഴ്‌സ് ആണ്. ഓപ്പണറായി ദേവ്ദത്ത് പടിക്കല്‍ തന്റെ അരങ്ങേറ്റ മത്സരം കളിക്കാനാണ് സാധ്യത. ശിഖര്‍ ധവാന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ നയിച്ചേക്കുമെന്നും പ്രമുഖ സ്‌പോര്‍ട്‌സ് ജേണലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ടി 20 മത്സരം ഇന്ന് നടക്കുമ്പോള്‍ മൂന്നാം ടി 20 മത്സരം വ്യാഴാഴ്ച (നാളെ) നടത്താനാണ് തീരുമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍