ഒരു സ്റ്റംപ് മാത്രം കുത്തി ഞാന്‍ ബോളെറിഞ്ഞു നോക്കി, ലോക്ക്ഡൗണ്‍ കാലത്ത് കഠിനപരിശ്രമം നടത്തി: ചഹല്‍

തിങ്കള്‍, 26 ജൂലൈ 2021 (12:33 IST)
മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്താന്‍ താന്‍ ഏറെ കഷ്ടപ്പെട്ടതായി ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. കരിയറില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ശ്രീലങ്കന്‍ പര്യടനത്തിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ചഹലിനെ വിളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ തനിക്ക് കിട്ടിയ അവസരം ചഹല്‍ കൃത്യമായി വിനിയോഗിച്ചു. ആദ്യ ടി 20 മത്സരത്തില്‍ നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹല്‍ ഒരു വിക്കറ്റ് നേടിയത്. 
 
ടീമില്‍ ഇല്ലാതിരുന്ന സമയത്ത് താന്‍ കഠിനമായി പരിശ്രമം നടത്തുകയായിരുന്നെന്ന് ചഹല്‍ പറയുന്നു. 'എന്റെ പരിശീലകന്റെ സഹായത്തോടെ ഞാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. എങ്ങനെ ബോള്‍ എറിയണമെന്ന് നോക്കി. കഴിഞ്ഞ ഏതാനും കളികളിലായി എനിക്ക് നന്നായി പന്തെറിയാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. ആ കുറവുകള്‍ കണ്ടെത്തി. ലോക്ക്ഡൗണ്‍ സമയത്ത് പോലും ഞാന്‍ അധ്വാനിക്കുകയായിരുന്നു. ഒരു സ്റ്റംപ് മാത്രം കുത്തി ഞാന്‍ ഉന്നം പരീക്ഷിച്ചു. ഒറ്റ സ്റ്റംപില്‍ വിക്കറ്റ് എടുക്കുകയായിരുന്നു ലക്ഷ്യം. എവിടെ ബോള്‍ എറിയണമെന്ന് ഞാന്‍ പരിശീലിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനു വരും മുന്‍പ് ഇങ്ങനെയെല്ലാം ഞാന്‍ അധ്വാനിച്ചിരുന്നു,' ചഹല്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍