ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിയില്‍ നിരാശനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മധ്യ ഓവറുകളിലെ ബാറ്റിങ്ങിനെ കുറിച്ച് തീര്‍ച്ചയായും ചര്‍ച്ച വേണമെന്ന് രോഹിത് പറഞ്ഞു. സാഹചര്യത്തിനനുസരിച്ച് കളി കൊണ്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും രോഹിത് വിമര്‍ശിച്ചു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
' നിങ്ങള്‍ ഒരു മത്സരം തോല്‍ക്കുമ്പോള്‍ അത് പൂര്‍ണമായി നിങ്ങളെ നിരാശപ്പെടുത്തും. ഏതെങ്കിലും പത്ത് ഓവറിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്. സ്ഥിരതയോടെ ക്രിക്കറ്റ് കളിക്കാന്‍ സാധിക്കണം, അതില്‍ ഞങ്ങള്‍ ഇന്ന് പരാജയപ്പെട്ടു. ചെറിയ നിരാശയുണ്ട്, പക്ഷേ സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. നിങ്ങള്‍ക്കു മുന്നിലുള്ള സാഹചര്യവുമായി നിങ്ങള്‍ പൊരുത്തപ്പെടണം. ലെഫ്റ്റ് - റൈറ്റ് കോംബിനേഷന്‍ വന്നാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ അത് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. ഒരുപാട് റിസ്‌ക് എടുത്താണ് ഞാന്‍ ആദ്യ ഓവറുകളില്‍ അങ്ങനെ ബാറ്റ് ചെയ്തത്. എന്നിട്ടും ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും നിരാശ തോന്നും. മധ്യ ഓവറുകളില്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് പവര്‍പ്ലേയില്‍ പരമാവധി റണ്‍സെടുക്കുക അത്യാവശ്യമാണ്. ഞങ്ങള്‍ എങ്ങനെ കളിച്ചു എന്നതിലേക്ക് ഒരുപാട് ചൂഴ്ന്നു നോക്കുന്നില്ല. എങ്കിലും മധ്യ ഓവറുകളിലെ ബാറ്റിങ്ങിനെ കുറിച്ച് തീര്‍ച്ചയായും ചര്‍ച്ചകളുണ്ടാകും,' രോഹിത് പറഞ്ഞു.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 42.2 ഓവറില്‍ 208 ന് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ലങ്ക 1-0 ത്തിനു മുന്നിലെത്തി. 32 റണ്‍സിന്റെ തോല്‍വിയാണെങ്കിലും ഇന്ത്യ തോറ്റ രീതി ഞെട്ടിക്കുന്നതായിരുന്നു. 13.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 97 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെ നിന്നാണ് പേരുകേട്ട ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ച. നായകന്‍ രോഹിത് ശര്‍മ 44 പന്തില്‍ 64 റണ്‍സ് നേടി ടോപ് സ്‌കോററായി.