ശ്രീലങ്കയോട് തോല്‍വി, കാരണം ഗംഭീറിന്റെ പ്രാന്തന്‍ പരീക്ഷണങ്ങള്‍, മത്സരശേഷം ഗംഭീറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

അഭിറാം മനോഹർ

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (09:58 IST)
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പതിരനെ, ഹസരംഗ മുതലായ താരങ്ങളില്ലാതെ ഇറങ്ങിയ ശ്രീലങ്ക ഇന്ത്യക്കെതിരെ 32 റണ്‍സിന്റെ വിജയമാണ് ഇന്നലെ നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ മത്സരം സമനിലയിലായതോടെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 1-0ന് ശ്രീലങ്ക മുന്നിലെത്തി. 6 ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്. 64 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
 
ഇന്ത്യന്‍ പരാജയത്തിന് കാരണമായത് ബാറ്റിംഗ് ഓര്‍ഡറില്‍ ഗംഭീര്‍ നടത്തിയ പരീക്ഷണങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്. മത്സരത്തില്‍ ശിവം ദുബെയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെയും ടീമിന്റെ ക്ലച്ച് പ്ലെയറായ കെ എല്‍ രാഹുലിനെ ലോവര്‍ മിഡിലില്‍ ഇറക്കിയതിനെയും ആരാധകര്‍ വിമര്‍ശിക്കുന്നു. അതിരുകടന്ന ഇത്തരം പരീക്ഷണങ്ങളാണ് ഇന്ത്യന്‍ പരാജയത്തിന് കാരണമെന്നും അമിതമായ പരീക്ഷണങ്ങള്‍ നടത്തി ടീം ബാലന്‍സ് തകര്‍ക്കുകയാണ് ഗംഭീര്‍ ചെയ്യുന്നതെന്നും ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍