വൈറ്റ് ബോൾ ക്രിക്കറ്റിൽ ദ്രാവിഡിനെ പരിശീലകനാക്കാൻ ഇംഗ്ലണ്ട്, ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി

അഭിറാം മനോഹർ

ഞായര്‍, 4 ഓഗസ്റ്റ് 2024 (09:49 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ 11 വര്‍ഷക്കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി കിരീടം നേടികൊടുത്ത പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനായി വലവിരിച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീമുകളുടെ പരിശീലകനായ മാത്യൂ മോട്ട് സ്ഥാനം ഒഴിഞ്ഞതോടെയാണ് ദ്രാവിഡിനെ പരിശീലകസ്ഥാനത്തിനായി ഇംഗ്ലണ്ട് പരിഗണിക്കുന്നത്.
 
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടികൊടുത്ത മുന്‍ നായകനായ ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് പുതിയ പരിശീലകനെ തേടുന്നത്. റിക്കി പോണ്ടിംഗ്, സ്റ്റീഫന്‍ ഫ്‌ളെമിങ്ങ്, ആന്‍ഡ്യൂ ഫ്‌ളിന്റോഫ്, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരുകളാണ് മോര്‍ഗന്റെ മുന്നിലുള്ളത്. അതേസമയം ബ്രണ്ടന്‍ മക്കല്ലം വൈറ്റ് ബോള്‍ പരിശീലകനാവുമെങ്കില്‍ അദ്ദേഹത്തിന് ആദ്യ പരിഗണന നല്‍കുമെന്നും സ്‌കൈ സ്‌പോര്‍ട്‌സിനോട് മോര്‍ഗന്‍ പറഞ്ഞു.
 
 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനം ഒഴിയാനിരുന്ന ദ്രാവിഡ് നായകന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിന്റെ പുറത്താണ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്. ടി20 ലോകകപ്പ് നേടിയതോടെ പരിശീലകസ്ഥാനം ദ്രാവിഡ് ഒഴിയുകയായിരുന്നു. ഇതിന് പിന്നാലെ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകസ്ഥാനമോ മെന്റര്‍ റോളോ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍