ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിനെ ഇനി പിടിച്ചാല്‍ കിട്ടില്ല, ഹെഡ് കോച്ചായി ഫ്‌ളിന്റോഫ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ

വെള്ളി, 26 ജൂലൈ 2024 (18:25 IST)
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോള്‍ പരിശീലകനായി മുന്‍ ഓള്‍റൗണ്ടറായ ആന്‍ഡ്യൂ ഫ്‌ളിന്റോഫ് എത്തുന്നതായി റിപ്പോര്‍ട്ട്. നിലവിലെ പരിശീലകനായ മാത്യൂ മോര്‍ട്ടിന് കീഴില്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലണ്ടിനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫ്‌ളിന്റോഫ് പുതിയ പരിശീലകനാകുന്നത്.
 
 കഴിഞ്ഞ 2 വര്‍ഷവും ഐസിസി കിരീടങ്ങള്‍ നിലനിര്‍ത്താനോ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്നതിനോ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. നിലവിലെ ചാമ്പ്യന്മാരെന്ന ലേബലില്‍ 2023ലെ ഏകദിന ലോകകപ്പിനെത്തിയ ഇംഗ്ലണ്ട് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ട് പുറത്തായിരുന്നു. ഇതോടെയാണ് മോട്ടിനെ പുറത്താക്കാന്‍ ഇസിബി ആലോചിക്കുന്നത്.
 
ലോകകപ്പ് നേടിയ ഇംഗ്ലണ്ട് നായകനായ ഓയിന്‍ മോര്‍ഗനെ പരിശീലകനാക്കാനായിരുന്നു ഇംഗ്ലണ്ട് ആദ്യം ശ്രമിച്ചതെങ്കിലും മോര്‍ഗന്‍ സ്ഥാനമേറ്റെടുക്കാന്‍ താത്പര്യം കാണിച്ചില്ല. ഫ്‌ളിന്റോഫിന് അന്താരാഷ്ട്ര ടീമിനെ പരിശീലിപ്പിച്ച പരിചയമില്ലെങ്കിലും ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. കൂടാതെ ദി ഹണ്‍ഡ്രഡ് ലീഗില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിന്റെ പരിശീലനാണ് ഫ്‌ളിന്റോഫ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍