ഗുജറാത്ത് പരിശീലക സ്ഥാനം ആശിഷ് നെഹ്റ ഒഴിയുന്നു, പകരമെത്തുന്നത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ

അഭിറാം മനോഹർ

ബുധന്‍, 24 ജൂലൈ 2024 (13:49 IST)
ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ആദ്യ സീസണില്‍ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കീഴില്‍ ഗുജറാത്ത് ചാമ്പ്യന്മാര്‍ ആകുന്നതില്‍ പരിശീലകനെന്ന നിലയില്‍ മുഖ്യപങ്ക് വഹിക്കാന്‍ നെഹ്‌റയ്ക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാം സീസണിലും ഫൈനലില്‍ എത്തിയതോടെയാണ് കോച്ചെന്ന നിലയില്‍ നെഹ്‌റയുടെ സ്ഥാനം ഉയര്‍ന്നത്.
 
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈയിലേക്ക് ചേക്കേറിയതോടെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലായിരുന്നു ഗുജറാത്ത് ഐപിഎല്ലില്‍ കളിച്ചത്. എന്നാല്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച 14 മത്സരങ്ങളില്‍ അഞ്ച് വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ എട്ടാമതായാണ് ഗുജറാത്ത് ടൈറ്റന്‍സ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് നെഹ്‌റ ടീം വിടുന്നതിനെ പറ്റി ആലോചിക്കുന്നത്. നെഹ്‌റ ടീം വിടുന്നതോടെ പരിശീലകനായി യുവരാജ് സിംഗിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് അധികൃതര്‍. ഗുജറാത്ത് ടീം നായകന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള താരമാണ് യുവരാജ്. ഈ ബന്ധം ഗുജറാത്തിന് പ്രയോജനകരമാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
 
അതേസമയം ഈ വാര്‍ത്തകളോട് യുവരാജ് ഇനിയും മനസ് തുറന്നിട്ടില്ല. ശുഭ്മാന്‍ ഗില്ലിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് യുവിയെ മുഖ്യ പരിശീലകനായി പരിഗണിക്കുന്നത് എന്നാണ് സൂചന. യുവരാജ് പരിശീലകനായാല്‍ അടുത്ത മെഗാ താരലേലത്തില്‍ ഹൈദരാബാദ് താരമായ അഭിഷേക് ശര്‍മയെ ടീമിലെത്തിക്കാന്‍ ഗുജറാത്ത് ശ്രമിക്കുമെന്ന് ഉറപ്പാണ്. ഗില്ലിന് പുറമെ അഭിഷേക് ശര്‍മയുടെയും മെന്ററാണ് യുവരാജ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍