രോഹിത്തും സൂര്യയും പാളയം വിടുന്നു? , ഐപിഎൽ 2025ൽ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

അഭിറാം മനോഹർ

ചൊവ്വ, 23 ജൂലൈ 2024 (15:05 IST)
2025 ഐപിഎല്‍ സീസണിന് മുന്‍പായി മെഗാ താരലേലം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയായി ഐപിഎല്ലിലെ പുതിയ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ നെടുന്തൂണുകളായിരുന്നു മുന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും മുംബൈ വിടുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ്യ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണാണ് ഈ വിവരം പുറത്തുവിട്ടത്.
 
 കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും നീക്കി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയതില്‍ മുംബൈ ടീമിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ ടീമിലെ സീനിയര്‍ താരങ്ങളായ 2 പേരും മുംബൈ വിടാനൊരുങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നിലവില്‍ ഇരു താരങ്ങളെയും പാളയത്തില്‍ എത്തിക്കാനൊരുങ്ങുന്നത്.
 
 കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അവസാന സ്ഥാനക്കാരായാണ് സൂര്യയും ബുമ്രയും രോഹിത്തുമെല്ലാം അടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് സീസണ്‍ അവസാനിപ്പിച്ചത്. ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ ബുമ്ര,സൂര്യകുമാര്‍,രോഹിത് ശര്‍മ എന്നിവര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഹിത്തും സൂര്യയും ടീം വിടുകയാണെങ്കില്‍ ഇതുവരെയും ഐപിഎല്ലില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാത്ത പഞ്ചാബ്,ഡല്‍ഹി ടീമുകളും താരങ്ങള്‍ക്കായി രംഗത്ത് വരാന്‍ സാധ്യതയേറെയാണ്. ഇതില്‍ ഏത് താരത്തെ ലഭിച്ചാലും ആ താരത്തെ ടീമിന്റെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാകും ഈ ടീമുകള്‍ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം പഞ്ചാബ്, ഡല്‍ഹി ടീമുകളാകും താരങ്ങള്‍ക്ക് വേണ്ടി ശക്തമായി രംഗത്തുണ്ടാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍