30 വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റിൽ വൈകിയുദിച്ച സൂര്യൻ, ടി20യിലെ നമ്പർ വൺ, 33 വയസ്സിൽ ഇന്ത്യൻ നായകൻ

അഭിറാം മനോഹർ

വെള്ളി, 19 ജൂലൈ 2024 (14:55 IST)
ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച പ്രതിഭയുണ്ടായിട്ടും അവഗണിക്കപ്പെട്ട് കരിയർ തകർന്ന അനവധി താരങ്ങളുണ്ട്. ലഭിക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സഞ്ജു സാംസൺ,റുതുരാജ് ഗെയ്ക്ക്വാദ് മുതലായ താരങ്ങൾക്ക് സ്ഥിരമായി അവസരങ്ങൾ നൽകാൻ ഇന്ത്യൻ ടീമിനായിട്ടില്ല. സമാനമാണ് 2020 വരെയും ഇന്ത്യയുടെ നമ്പർ വൺ ടി20 ബാറ്ററായ സൂര്യകുമാർ യാദവിൻ്റെ കാര്യവും. ഐപിഎല്ലിൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും തൻ്റെ മുപ്പതാം വയസ്സിൽ മാത്രമാണ് സൂര്യയ്ക്ക് സീനിയർ ടീമിൽ വിളിയെത്തിയത്. എന്നാൽ ടീമിലെത്തി ചുരുക്കം വർഷങ്ങൾ കൊണ്ട് ടി20 ക്രിക്കറ്റിലെ നമ്പർ വൺ താരമായും ഇപ്പോൾ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായും സൂര്യ മാറികഴിഞ്ഞു.
 
2012ലെ ഐപിഎല്ലിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അരങ്ങേറ്റം കുറിച്ച താരം ശ്രദ്ധേയനാകുന്നത് 2015ൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 46* പ്രകടനത്തോടെയാണ്. തുടർന്ന് 2018ൽ താരത്തെ മുംബൈ ഇന്ത്യൻ സ്വന്തമാക്കുന്നതോടെയാണ് സൂര്യയുടെ ജാതകം മാറുന്നത്. അയാളോടുള്ള അവഗണനയുടെ കഥയും അവിടെ നിന്ന് തുടങ്ങുന്നുവെന്ന് പറയാം. 2018 സീസണിൽ 14 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 512 റൺസുമായി തിളങ്ങിയെങ്കിലും സൂര്യയ്ക്ക് ഇന്ത്യൻ ടീമിൽ വിളിയെത്തിയില്ല.
 
2019 സീസണിൽ 424 റൺസുമായി ടീമിലെ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും ഇത്തവണയും സെലക്ടർമാരുടെ റഡാറിൽ സൂര്യകുമാർ എത്തപ്പെട്ടില്ല. അപ്പോഴേക്കും സൂര്യകുമാർ യാദവിന് പ്രായം 29 വയസിൽ എത്തിയിരുന്നു. 2020 സീസണിൽ 480 റൺസുമായി തിളങ്ങിയപ്പോളും തുടർന്നെത്തിയ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സൂര്യയ്ക്കായിരുന്നില്ല. ആ സീസണിൽ മുംബൈയ്ക്കായി റൺസുകൾ കണ്ടെത്തി എന്ന് മാത്രമല്ല പല വിജയങ്ങളുടെയും ശിൽപ്പിയും സൂര്യകുമാറായിരുന്നു. സീസണിൽ ആർസിബിക്കെതിരെ 43 പന്തിൽ നിന്നും താരം പുറത്താകാതെ നേടിയ 79 റൺസ് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മുപ്പതാം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ സൂര്യകുമാർ യാദവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.
 
 രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഒരു സിക്സറുമായി രാജകീയമായായിരുന്നു  സൂര്യയുടെ അരങ്ങേറ്റം. ആ മത്സരത്തിൽ അർധസെഞ്ചുറി കണ്ടെത്തിയ താരം പിന്നീട് തുടർച്ചയായി ഇന്ത്യൻ ടീമിൽ ഇടം നേടുകയും ടീമിലെ പ്രധാനതാരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. ആദ്യ പന്ത് മുതൽ റൺസ് കണ്ടെത്താനുള്ള ശേഷി സൂര്യയെ ടീമിൽ വ്യത്യസ്തനാക്കി. മുപ്പതാം വയസിൽ അന്താരാഷ്ട ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ തൻ്റെ 31മത് വയസിൽ ടി20യിലെ ആദ്യ രാജ്യാന്തര സെഞ്ചുറി കുറിച്ചു. 2022ൽ ടി20യിൽ ലോക ഒന്നാം നമ്പർ ബാറ്ററായി മാറിയ സൂര്യ പിന്നീട് ആ സ്ഥാനം താത്കാലികമായി മാത്രമെ മറ്റൊരാൾക്ക് വിട്ടുകൊടുത്തിട്ടുള്ളു. ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ശേഷം തുടർച്ചയായി ടി20 ക്രിക്കറ്റിലെ മികച്ച താരമായി മാറാൻ സൂര്യകുമാർ യാദവിനായി. ഇപ്പോഴിതാ തൻ്റെ 33മത് വയസ്സിൽ ഇന്ത്യയുടെ ടി20 നായകനായിരിക്കുകയാണ് സൂര്യകുമാർ. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ സൂര്യകുമാർ തന്നെയാകും ഇന്ത്യൻ സംഘത്തെ നയിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍