ടി20യിൽ നായകനിരയിൽ ഹാർദ്ദിക്കിന് ഇടമില്ല, ഇന്ത്യയുടെ ഭാവി നായകനെ ഗംഭീർ കാണുന്നത് ശുഭ്മാൻ ഗില്ലിൽ?

അഭിറാം മനോഹർ

വ്യാഴം, 18 ജൂലൈ 2024 (20:53 IST)
ശ്രീലങ്കക്കെതിരായ ടി20, ഏകദിന ടീമുകളുടെ പ്രഖ്യാപനം വന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് ടി20 നായകനായതുള്‍പ്പടെയുള്ള സര്‍പ്രൈസ് പ്രഖ്യാപനം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ടി20യില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴില്‍ ഉപനായകസ്ഥാനമായിരുന്നു ഹാര്‍ദ്ദിക്കിനുണ്ടായിരുന്നത്. എന്നാല്‍ ഏത് നിമിഷവും പരിക്ക് ഭീഷണിയായി നില്‍ക്കുന്ന ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ നിലപാടെടുത്തതോടെയാണ് സൂര്യയ്ക്ക് ടി20 നായകസ്ഥാനം ലഭിച്ചത്.
 
 സൂര്യകുമാര്‍ യാദവ് നായകനായ ടീമില്‍ ശുഭ്മാന്‍ ഗില്ലാണ് ഉപനായകസ്ഥാനത്തേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്. ഒന്നാം വിക്കറ്റ് കീപ്പര്‍ താരമായി റിഷഭ് പന്തും രണ്ടാം വികറ്റ് കീപ്പര്‍ ഓപ്ഷനായി സഞ്ജു സാംസണും ടി20 ടീമില്‍ ഇടം നേടി. അതേസമയം സിംബാബ്വെയ്‌ക്കെതിരായ ടി20 സീരീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ശര്‍മയെ ടി20 ടീമില്‍ നിന്നും തഴഞ്ഞു. അര്‍ഷദീപ് സിംഗ്,ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍.
 
ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ഉപനായകസ്ഥാനത്തും ശുഭ്മാന്‍ ഗില്ലാണുള്ളത്. വിരാട് കോലി ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജുവിന് ഇടം പിടിക്കാനായില്ല. അതേസമയം ഏകദിന ലോകകപ്പിന് പിന്നാലെ ടീമില്‍ നിന്നും പുറത്തായ ശ്രേയസ് അയ്യര്‍ ഏകദിന റ്റീമില്‍ തിരിച്ചെത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി തിളങ്ങിയ ഹര്‍ഷിത് റാണയും ടീമില്‍ ഇടം നേടി. കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ഇന്ത്യയുടെ ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.  സഞ്ജു സാംസണ് ഏകദിന ടീമില്‍ ഇടം നഷ്ടമായപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ റിയാന്‍ പരാഗ് രണ്ട് ടീമിലും ഇടം പിടിച്ചു.
 
ഏകദിനത്തിലുള്ള ടീം: രോഹിത് ശര്‍മ (നായകന്‍), ശുഭ്മാന്‍ ഗില്‍ (ഉപനായകന്‍), വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ 
 
ട്വന്റി 20 യ്ക്കുള്ള ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (ഉപനായകന്‍), യഷസ്വി ജയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍