പെട്ടെന്നൊരു ദിവസം ഇന്ത്യയിൽ ഓൾ റൗണ്ടർമാരുടെ ബഹളം, മാടമ്പള്ളിയിലെ യഥാർഥ സൈക്കോ ഗംഭീർ തന്നെ!

അഭിറാം മനോഹർ

ബുധന്‍, 31 ജൂലൈ 2024 (14:38 IST)
Indian Team, Gautam Gambhir
സമീപകാലത്തായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്തുന്ന ടീമാണ് ഇന്ത്യ. ഐസിസി കിരീടനേട്ടങ്ങള്‍ ഈ കാലങ്ങളില്‍ അന്യം നിന്നിരുന്നുവെങ്കിലും 2024ലെ ടി20 കിരീടനേട്ടത്തോടെ ആ വരള്‍ച്ചയ്ക്കും പരിഹാരം കാണാന്‍ ഇന്ത്യയ്ക്കായി. ഈ കാലങ്ങളിലെല്ലാം ഇന്ത്യയില്‍ ഉയര്‍ന്നിരുന്ന പ്രധാനപ്പെട്ട ഒരു ചര്‍ച്ച ടീമിലെ ഓള്‍ റൗണ്ടര്‍ താരങ്ങളുടെ അഭാവത്തെ പറ്റിയായിരുന്നു. രാഹുല്‍ ദ്രാവിഡ് ടീം പരിശീലകസ്ഥാനം ഒഴിയുമ്പോഴും ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍മാരുടെ കുറവുണ്ടായിരുന്നു.
 
എന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം അടിമുടി മാറ്റത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഐപിഎല്ലില്‍ പോലും പന്തെറിഞ്ഞ് കാണാത്ത താരങ്ങള്‍ പോലും ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ബൗളര്‍മാരാകുന്ന കാഴ്ചയാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ കാണാനാകുന്നത്. ആദ്യ ടി20 മത്സരത്തില്‍ റിയാന്‍ പരാഗാണ് പന്തെറിഞ്ഞ് ഞെട്ടിച്ചതെങ്കില്‍ മൂന്നാം ടി20 മത്സരത്തില്‍ അവസാന ഓവറുകള്‍ എറിഞ്ഞ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത് റിങ്കു സിംഗും സൂര്യകുമാര്‍ യാദവും മാത്രമായിരുന്നു.
 
 ഒരുക്കാലത്ത സച്ചിന്‍,സെവാഗ്,യുവരാജ്,റെയ്‌ന,എന്നിവരെല്ലാം പന്തെറിഞ്ഞിരുന്ന രീതിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് മാറുന്നതിലേക്കാണ് പുതിയ മാറ്റം വിരല്‍ ചൂണ്ടുന്നത്. അതിന് കാരണക്കാരനായി മാറിയതാകട്ടെ പ്രാന്തന്‍ പരീക്ഷണങ്ങള്‍ ചെയ്യാന്‍ ഒരിക്കലും മടി കാണിക്കാത്ത ഗൗതം ഗംഭീറും. റിയാന്‍ പരാഗും,സൂര്യകുമാര്‍ യാദവും റിങ്കു സിംഗും പന്തെറിയുന്നതോടെ അത് ഇന്ത്യന്‍ ടീമിന് നല്‍കുന്ന ബാലന്‍സ് വലുതാണ്. പാര്‍ട്ട് ടൈം ബൗളര്‍മാരായി കൂടുതല്‍ പേരെത്തുന്നത് ടീമിന്റെ ഫ്‌ളെക്‌സിബിലിറ്റി വര്‍ധിപ്പിക്കുന്നു.
 
ഐപിഎല്ലില്‍ തിളങ്ങിയ വെങ്കിടേഷ് അയ്യര്‍, നിതീഷ് കുമാര്‍ റെഡ്ഡി,അഭിഷേക് ശര്‍മ എന്നിങ്ങനെ ഒരു കൂട്ടം കളിക്കാരും ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി പുറത്തുണ്ട്. ഈ സാഹചര്യത്തില്‍ ഓള്‍ റൗണ്ടര്‍മാരില്ല എന്ന് ബഹളം വെച്ച ടീമില്‍ ഇപ്പോള്‍ ഓള്‍ റൗണ്ടര്‍മാരുടെ ബഹളമായി മാറിയിരിക്കുകയാണ്. യശ്വസി ജയ്‌സ്വാളും ചിലപ്പോള്‍ പന്തെറിയും എന്നതിനാല്‍ ജയ്‌സ്വാളിനെയും അധികം വൈകാതെ തന്നെ ഓള്‍ റൗണ്ടറായി കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഉടനെ സാധിച്ചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍