രണ്ടല്ല, പാകിസ്ഥാൻ ടീമിനുള്ളിൽ 3 ഗ്രൂപ്പുകൾ, ബാബറിനെ വീണ്ടും നായകനാക്കിയതിൽ റിസ്‌വാനും അതൃപ്തി

അഭിറാം മനോഹർ
ഞായര്‍, 16 ജൂണ്‍ 2024 (14:28 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 റൗണ്ടില്‍ കടക്കാതെ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ടീമിലെ പ്രശ്‌നങ്ങളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാക് ടീമിനുള്ളില്‍ ഷഹീന്‍ അഫ്രീദിയും ബാബര്‍ അസമും പരസ്പരം മിണ്ടാറില്ലെന്ന് മുന്‍ പാക് നായകനും ഇതിഹാസ താരവുമായ വസീം അക്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ടീമിനുള്ളില്‍ 3 ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നതായാണ് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുപോവുക എന്ന ബുദ്ധിമുട്ടേറിയ ജോലിയാണ് ബാബര്‍ അസമിന് നായകനെന്ന നിലയില്‍ ചെയ്യാനുണ്ടായിരുന്നതെന്നും എന്നാല്‍ ബാബര്‍ അതില്‍ തീര്‍ത്തും പരാജയമായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
പാക് നായകസ്ഥാനം നഷ്ടമായതില്‍ ഷഹീന്‍ അഫ്രീദി നിരാശനാണ്. ബാബര്‍ അസം കളിക്കാരനെന്ന നിലയില്‍ അഫ്രീദിയെ പിന്തുണയ്ക്കുന്നില്ല. ഷഹീനെ മാറ്റി ബാബറിനെ വീണ്ടും നായകനാക്കിയ തീരുമാനത്തില്‍ ടീമിലെ സീനിയര്‍ താരമായ മുഹമ്മദ് റിസ്വാനും അതൃപ്തിയുണ്ട്. നിലവില്‍ ടീമിനുള്ളില്‍ ഈ മൂന്ന് താരങ്ങളെയും പിന്തുണയ്ക്കുന്ന താരങ്ങളുണ്ട്. ഈ ഒരു സമവാക്യത്തിലേക്ക് സീനിയര്‍ താരങ്ങളായ മുഹമ്മദ് ആമിര്‍,ഇമാദ് വസീം എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
 
 പിസിബി ചെയര്‍മാനായ മൊഹ്‌സിന്‍ നഖ്വിക്ക് ലോകകപ്പിന് മുന്‍പ് തന്നെ പാക് ടീമിലെ പ്രശ്‌നങ്ങലെ പറ്റി ധാരണയുണ്ടായിരുന്നു. ഇകാര്യം ടീം സെലക്ടറായ വഹാബ് റിയാസുമായി നഖ്വി സംസാരിക്കുകയും ചെയ്തിരുന്നു. താരങ്ങളെ നേരിട്ട് കണ്ട് ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നഖ്വി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും തന്നെ ഫലം കണ്ടില്ല. ഗ്രൂപ്പ് എയില്‍ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട് നാണം കെട്ടാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായത്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന യുഎസ്- അയര്‍ലന്‍ഡ് മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ടൂര്‍ണമെന്റിലെ പാക് സാധ്യതകള്‍ അവസാനിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article