ഗ്രൗണ്ട് കവർ ചെയ്യാൻ പോലും വകുപ്പില്ലാത്തിടത്ത് ഇമ്മാതിരി പരിപാടി നടത്തരുത്, ഐസിസിയോട് പൊട്ടിത്തെറിച്ച് സുനിൽ ഗവാസ്കർ

അഭിറാം മനോഹർ

ഞായര്‍, 16 ജൂണ്‍ 2024 (10:53 IST)
കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ- കാനഡ മത്സരവും മുടങ്ങിയതോടെ ടി20 ലോകകപ്പ് നടത്തിപ്പിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. നേരത്തെ അമേരിക്ക- അയര്‍ലന്‍ഡ് മത്സരവും ശ്രീലങ്ക- നേപ്പാള്‍ മത്സരവും കനത്ത മഴയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. മഴ പിന്‍മാറിയെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞതായി തുടര്‍ന്നതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടത്. ഇതോടെയാണ് ലോകകപ്പ് സംഘാടനത്തിനെതിരെ ഗവാസ്‌കര്‍ രംഗത്ത് വന്നത്.
 
നേരത്തെ അമേരിക്ക- അയര്‍ലന്‍ഡ് പോരാട്ടം മഴ മുടക്കിയതോടെയാണ് പാകിസ്ഥാന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായത്. ഇംഗ്ലണ്ട്- നമീബിയ മത്സരത്തിലും മഴ വില്ലനാകുമെന്ന് കരുതിയെങ്കിലും ഏറെ വൈകിയെങ്കിലും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു.
 
 എനിക്ക് ഐസിസിയോട് അപേക്ഷയുണ്ട്. ഗ്രൗണ്ട് മുഴുവനും കവര്‍ ചെയ്യാനെങ്കിലും വകുപ്പുള്ള സ്റ്റേഡിയങ്ങളില്‍ വേണം ഇത്തരം മത്സരങ്ങള്‍ നടത്താന്‍. പിച്ച് മാത്രം കവര്‍ ചെയ്ത് മറ്റ് ഇടങ്ങള്‍ നനയാന്‍ വിട്ടുകൊടുത്തിട്ട് കാര്യമില്ല. ആളുകള്‍ അവരുടെ കളിക്കാര്‍ കളിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നത്. അതിനെ ഇല്ലാതെയാക്കരുത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു. ഇംഗ്ലണ്ട് മുന്‍ നായകനായ മൈക്കല്‍ വോണും തന്റെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നു. എങ്ങനെയാണ് ഗ്രൗണ്ടുകള്‍ മുഴുവന്‍ മൂടാനുള്ള കവര്‍ ഇല്ലാതെ വരുന്നത്. എത്ര പണമാണ് ഇതില്‍ നിന്നും വരുന്നത്. എന്നിട്ട് നനഞ്ഞ ഔട്ട് ഫീല്‍ഡുകളാണ് നമുക്ക് കിട്ടുന്നത്. മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍