India vs Australia, 4th Test: മെല്‍ബണ്‍ ടെസ്റ്റില്‍ ഫോളോ-ഓണ്‍ ഒഴിവാക്കി ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടിയപ്പോഴാണ് ഇന്ത്യക്ക് നാണക്കേട് ഒഴിവാക്കാന്‍ സാധിച്ചത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സ് നേടിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ 85 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 191 റണ്‍സ് അകലെയാണ് ഇപ്പോഴും ഇന്ത്യ. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം മുതല്‍ മികച്ച പ്രകടനം നടത്തുന്ന നിതീഷ് കുമാര്‍ റെഡ്ഡി ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി. 89 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സുമായി റെഡ്ഡി പുറത്താകാതെ നില്‍ക്കുന്നു. 72 പന്തില്‍ 29 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറാണ് റെഡ്ഡിക്കൊപ്പം ഉള്ളത്.
164/5 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. റിഷഭ് പന്ത് (37 പന്തില്‍ 28), രവീന്ദ്ര ജഡേജ (51 പന്തില്‍ 17) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് ഇന്ന് നഷ്ടമായി.