India vs Newzealand: തുടക്കം പതറിയെങ്കിലും വീണില്ല, ഹീറോകളായി ശ്രേയസും ഹാർദ്ദിക്കും, ന്യൂസിലൻഡിന് 250 റൺസ് വിജയലക്ഷ്യം
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- ന്യൂസിലന്‍ഡ് ആവേശപോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ്- അക്ഷര്‍ പട്ടേല്‍ കൂട്ടുക്കെട്ടാണ് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഒരുഘട്ടത്തില്‍ 30ന് 3 എന്ന നിലയില്‍ നിന്ന ടീം സ്‌കോര്‍ 128 റണ്‍സിലെത്തിച്ച ശേഷമാണ് അക്ഷര്‍ മടങ്ങിയത്.
42 റണ്‍സെടുത്ത അക്ഷറിന് പിന്നാലെ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെയെത്തിയ കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്‌ക്കൊന്നും തന്നെ വമ്പന്‍ ഇന്നിങ്ങ്‌സ് കാഴ്ചവെയ്ക്കാനായില്ല.45 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് അവസാന ഓവറുകളില്‍ ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്.അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് നടത്തിയ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി അഞ്ചും രചിന്‍ രവീന്ദ്ര, കെയ്ല്‍ ജാമിസണ്‍, മിച്ചല്‍ സാന്റനര്‍, രചിന്‍ രവീന്ദ്ര, വില്‍ ഒറൂക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.