Pep Guardiola: സിറ്റി വിട്ടാൽ ദീർഘ ഇടവേള, കരിയർ പ്ലാൻ വ്യക്തമാക്കി പെപ് ഗാർഡിയോള

അഭിറാം മനോഹർ

ബുധന്‍, 30 ജൂലൈ 2025 (19:22 IST)
Pep Guardiola
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഡെക്കറേറ്റഡ് മാനേജര്‍മാരില്‍ ഒരാളാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ പെപ് ഗാര്‍ഡിയോള. ബയേണ്‍ മ്യൂണിച്ചിലും ബാഴ്‌സലോണയിലും മാജിക്കുകള്‍ കാണിച്ച ഗാര്‍ഡിയോള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മാഞ്ചസ്റ്റര്‍ സിറ്റിക്കായി അത്ഭുതങ്ങള്‍ കാണിച്ചിരുന്നു. ഇപ്പോഴിതാ സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ ഫുട്‌ബോളില്‍ നിന്നും ഇടവേള എടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പെപ്. സിറ്റി മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ തന്നെ തളര്‍ത്തിയതായാണ് ഗ്വാര്‍ഡിയോള വ്യക്തമാക്കുന്നത്.
 
പുതിയ ഫുട്‌ബോള്‍ സീസണിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഗ്വാര്‍ഡിയോളയുടെ വെളിപ്പെടുത്തല്‍. 2027ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പൂര്‍ത്തിയായാല്‍ ഇടവേളയെടുക്കുമെന്നാണ് പെപ് വ്യക്തമാക്കുന്നത്. സിറ്റി മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം തളര്‍ത്തിയെന്നും മാനസികമായും ശാരീരികമായും വീണ്ടെടുക്കാന്‍ ദീര്‍ഘമായ ഇടവേള ആവശ്യമാണെന്നും പെപ് വ്യക്തമാക്കി. 1990 മുതല്‍ 2001 വരെ ബാഴ്‌സലോണ താരമായിരുന്ന പെപ് ബാഴ്‌സലോണയുടെ സുവര്‍ണ തലമുറയെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച പരിശീലകന്‍ കൂടിയാണ്.
 
ബാഴ്‌സലോണയില്‍ പരിശീലകനായി എല്ലാ കിരീടങ്ങളും നേടിയിട്ടുള്ള ഗ്വാര്‍ഡിയോള 2013ല്‍ ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിലൂടെയാണ് പരിശീലക രംഗത്തേക്കെത്തിയത്. 2016ല്‍ സിറ്റി പരിശീലകനായതിന് ശേഷം സിറ്റിയെ 6 തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കാനും ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനും സഹായിച്ചിരുന്നു. സിറ്റി പരിശീലകസ്ഥാനം ഒഴിഞ്ഞ ശേഷം ഏതെങ്കിലും ദേശീയ ടീം പരിശീലകനാകണമെന്നാണ് മുന്‍പ് ഗ്വാര്‍ഡിയോള പറഞ്ഞിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍