ഹസന്‍ മഹ്മൂദ് എറിഞ്ഞ ആദ്യ ഓവറില്‍ 3 ബൗണ്ടറികള്‍ അടിച്ച് യശ്വസി ജയ്‌സ്വാളാണ് ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തികൊണ്ട് രോഹിത്തും ട്രാക്കിലായി. 3 ഓവറില്‍ ഇരുവരും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുക്കെട്ട് അടിച്ചെടുത്തത് 51 റണ്‍സാണ്. ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലായി.
രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സുമായി പുറത്തായെങ്കിലും ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് അടി തുടര്‍ന്നു. 31 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജയ്‌സ്വാള്‍ 51 പന്തില്‍ 72 റണ്‍സ് നേടിയാണ് പുറത്തായത്. ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ 39 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കി. 35 പന്തില്‍ നിന്നും 47 റണ്‍സുമായി വിരാട് കോലിയും 43 പന്തില്‍ നിന്നും 68 റണ്‍സുമായി കെ എല്‍ രാഹുലും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഇതിനിടെ പതിനൊന്നാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തികൊണ്ട് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോറ്ഡ് നേട്ടവും സ്വന്തമാക്കി.
ബംഗ്ലാദേശിനായി മെഹദി ഹസന്‍ മിറാസും ഷാക്കിബ് അല്‍ ഹസനും 4 വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം അവസാനിക്കുമ്പോള്‍ 11 ഓവറില്‍ 26 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ്. ഓപ്പണര്‍മാരായ സാകിര്‍ ഹസന്‍, ഹസന്‍ മഹ്മൂദ് എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രവിചന്ദ്ര അശ്വിനാണ് 2 വിക്കറ്റുകളും.