എന്നാലും ഇങ്ങനെയുമുണ്ടോ നാണക്കേട്, 4 മണിക്കൂറിനിടെ 2 തവണ പുറത്തായി കെയ്ൻ വില്യംസൺ

അഭിറാം മനോഹർ

ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (10:48 IST)
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാണം കെട്ട് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. നാല് ഇന്നിങ്ങ്‌സില്‍ നിന്ന് 138 റണ്‍സാണ് വില്യംസണ്‍ നേടിയത്. ആദ്യ ടെസ്റ്റില്‍ 55,30 എന്നിങ്ങനെയായിരുന്നു വില്യംസണിന്റെ സ്‌കോര്‍. രണ്ടാം ടെസ്റ്റിൽ യഥാക്രമം 7,46 എന്നിങ്ങനെയാണ് വില്യംസണ്‍ നേടിയത്.
 
ഗോള്‍ ടെസ്റ്റില്‍ നാല് മണിക്കൂറിനിടെ 2 തവണയാണ് താരം പുറത്തായത്. മൂന്നാം ദിനം ആദ്യ ഇന്നിങ്ങ്‌സില്‍ വെറും 88 റണ്‍സിന് ന്യൂസിലന്‍ഡ് ഓളൗട്ടായിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ 7 റണ്‍സ് മാത്രമാണ് താരം നേടിയത്. രാവിലെ 10:25നാണ് വില്യംസണ്‍ പുറത്തായത്.പിന്നീട് ന്യൂസിലന്‍ഡ് ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതോടെ വില്യംസണിന് വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടി വന്നു. ഉച്ച തിരിഞ്ഞ് 2:15നാണ് താരം വീണ്ടും പുറത്തായത്.ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പരിഹാസങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്.
 
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 602 റണ്‍സാണ് ശ്രീലങ്ക നേടിയിരുന്നത്. പിന്നീട് ന്യൂസിലന്‍ഡ് 88 റണ്‍സിന് പുറത്തായതോടെ ന്യൂസിലന്‍ഡ് ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ കിവീസ് അഞ്ചിന് 199 റണ്‍സ് എന്ന നിലയിലാണ്. 2 ദിവസം ശേഷിക്കെ ലങ്കയെ ബാറ്റിംഗിനയക്കണമെങ്കില്‍ ഇനിയും 315 റണ്‍സ് ന്യൂസിലന്‍ഡിന് എടുക്കേണ്ടതായി വരും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍