India vs Australia, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ വാശിയേറിയ സൂപ്പര്‍ എട്ട് പോരാട്ടം ഇന്ന്. കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇരു ടീമുകളുടേയും സൂപ്പര്‍ എട്ടിലെ അവസാന മത്സരമാണ് ഇത്.
ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിക്കും. ഇന്ത്യക്കെതിരെ തോല്‍ക്കുകയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മികച്ച മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്താകും.
സൂപ്പര്‍ എട്ടിലെ കഴിഞ്ഞ രണ്ട് കളികളിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ബെഞ്ചില്‍ തന്നെയായിരിക്കും. വിരാട് കോലിയും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി തുടരും. ശിവം ദുബെയ്ക്ക് ഇന്നും അവസരം ലഭിച്ചേക്കും.