അഫ്ഗാന്റെ ചരിത്രനേട്ടം, ഗ്രൂപ്പില്‍ ഒന്നാമതാണെങ്കിലും സെമി ഉറപ്പിക്കാനാവാതെ ഇന്ത്യ

അഭിറാം മനോഹർ

ഞായര്‍, 23 ജൂണ്‍ 2024 (16:25 IST)
ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെ സെമി ഫൈനല്‍ പോരാട്ടങ്ങളുടെ കുരുക്ക് മുറുക്കി അഫ്ഗാനിസ്ഥാന്‍. ക്രിക്കറ്റിലെ മൈറ്റി ഓസീസിനെ കഴിഞ്ഞ ഏകദിന ലോകകപ്പിലും വിറപ്പിക്കാനായിരുന്നെങ്കിലും അന്ന് അന്യം നിന്ന വിജയമാണ് ഇക്കുറി അഫ്ഗാന്‍ നേടിയെടുത്തത്. അഫ്ഗാനെതിരായ പോരാട്ടത്തോടെ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് മുകളില്‍ മണ്ണ് വീണെങ്കിലും ഇന്ത്യയുടെ സെമി സാധ്യതകളെയും അത് അവതാളത്തിലാക്കിയിരിക്കുകയാണ്.
 
നിലവില്‍ ബംഗ്ലാദേശിനെതിരെയും അഫ്ഗാനെതിരെയും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാണ്. എന്നാല്‍ കരുത്തരായ ഓസീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെമിഫൈനല്‍ ഉറപ്പിക്കാന്‍ വിജയം ആവശ്യമാണെന്ന രീതിയില്‍ ഇറങ്ങുന്ന ഓസീസ് ഇന്ത്യക്കെതിരെ വിജയിക്കുകയാണെങ്കില്‍ പിന്നീട് നടക്കുന്ന അഫ്ഗാന്‍- ബംഗ്ലാദേശ് പോരാട്ടവും ഇന്ത്യയ്ക്ക് നിര്‍ണായകമാകും. അടുത്ത മത്സരം ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കും ഓസീസിനും ഗ്രൂപ്പില്‍ നാല് പോയിന്റ് വീതം ലഭിക്കും. കൂടാതെ അഫ്ഗാനും ബംഗ്ലാദേശിനെതിരെ വിജയിച്ചാല്‍  3 ടീമുകള്‍ക്കും 4 പോയിന്റുകള്‍ വീതമാണുണ്ടാവുക.
 
നാല് ടീമുകളില്‍ സെമിയിലെത്താന്‍ ഏറ്റവും സാധ്യത ഇന്ത്യക്കാണെങ്കിലും ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ മികച്ച വിജയം സ്വന്തമാക്കുകയും സമാനമായ വിജയം അഫ്ഗാനും ബംഗ്ലാദേശിനെതിരെ നേടുകയും ചെയ്താല്‍ റണ്‍റേറ്റ് അടിസ്ഥാനത്തിലാകും 2 ടീമുകള്‍ സെമിയിലെത്തുക. അങ്ങനെയെങ്കില്‍ നിലവില്‍ 90 ശതമാനവും ഇന്ത്യ സെമി സ്‌പോട്ട് ഉറപ്പിച്ച അവസ്ഥയിലാണെങ്കിലും ഇന്ത്യയ്ക്ക് സൂപ്പര്‍ എട്ടില്‍ പുറത്ത് പോവേണ്ടി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍