T20 Worldcup: മാക്സ്വെൽ മാജിക് ആവർത്തിക്കാനായില്ല, കങ്കാരുക്കളെ തകർത്ത് അഫ്ഗാനിസ്ഥാൻ തേരോട്ടം

അഭിറാം മനോഹർ

ഞായര്‍, 23 ജൂണ്‍ 2024 (09:32 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ തോല്‍വി നേരിട്ട് ഓസ്‌ട്രേലിയ. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റ് ടീമുകള്‍ക്കെതിരെ ആധിപത്യം സ്ഥാപിച്ചുകൊണ്ട് അഫ്ഗാനെതിരെ കളിക്കാനിറങ്ങിയ ഓസീസ് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 148 റണ്‍സില്‍ ഒതുക്കിയിരുന്നു. അനായാസമായി ഓസീസ് വിജയിക്കുമെന്ന് കരുതിയെങ്കിലും മികച്ച പോരാട്ടം നടത്തി അഫ്ഗാന്‍ കളി തിരിക്കുകയായിരുന്നു. ഇതോടെ ഓസീസിനായി പാറ്റ് കമ്മിന്‍സ് നടത്തിയ ഹാട്രിക് പ്രകടനം പാഴായി.
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് നല്‍കിയത്. 15. 5 ഓവറില്‍ മാത്രമാണ് ഓസീസിന് അഫ്ഗാന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ട് പൊളിക്കാനായത്. ഇരുവരും പുറത്താകുമ്പോള്‍ 118 റണ്‍സ് നേടാന്‍ അഫ്ഗാന് സാധിച്ചിരുന്നു. 60 റണ്‍സെടുത്ത ഗുര്‍ബാസും 51 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനും അടുത്തടുത്ത് മടങ്ങിയതോടെ വലിയ സ്‌കോര്‍ പ്രതീക്ഷിച്ച അഫ്ഗാന്‍ ഇന്നിങ്ങ്‌സ് 20 ഓവറില്‍ 148 റണ്‍സിന് 6 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.
 
അനായസകരമായി ഓസീസ് വിജയിക്കുമെന്ന് കരുതിയതെങ്കിലും ആദ്യ ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുന്നതിന് മുന്‍പ് തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ഓസീസിന് നഷ്ടമായി. 32 റണ്‍സിനിടെ മിച്ചല്‍ മാര്‍ഷ്,ഡേവിഡ് വാര്‍ണര്‍ എന്നിവരെ നഷ്ടമായതോടെ ഓസീസ് നിര പരുങ്ങലിലായി. 41 പന്തില്‍ 59 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്വെല്‍ കഴിഞ്ഞ ഏകദിന ലോകകപ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പോരാട്ടം തുടര്‍ന്നെങ്കിലും മറ്റൊരു ഓസീസ് ബാറ്റര്‍ക്കും മാക്‌സ്വെല്ലിന് പിന്തുണ നല്‍കാനായില്ല.
 
17 പന്തില്‍ നിന്നും 11 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയ്‌നിസ് മടങ്ങിയതോടെ ഓസീസിന്റെ വിക്കറ്റുകള്‍ വീണത് വളരെ വേഗത്തിലായിരുന്നു. 2 റണ്‍സുമായി ടിം ഡേവിഡും 5 റണ്‍സുമായി മാത്യു വെയ്ഡും 59 റണ്‍സുമായി മാക്‌സ്വെല്ലും പുറത്തായതോടെ ഒരു പോരാട്ടം പോലും കാഴ്‌ചെവെയ്ക്കാനാകാതെ ഓസീസ് ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. അവസാന ഓവറുകളില്‍ ആദം സാമ്പയും ജോഷ് ഹേസല്‍വുഡും നടത്തിയ പോരാട്ടമാണ് ഓസീസ് സ്‌കോര്‍ 127 റണ്‍സിലെത്തിച്ചത്. ഇതോടെ മത്സരത്തില്‍ 21 റണ്‍സിന്റെ വിജയം നേടാന്‍ അഫ്ഗാനായി.
 
അഫ്ഗാനായി നവീന്‍ ഉള്‍ ഹഖ് 3.3 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റും ഗുല്‍ബദിന്‍ നയീബ് 4 ഓവറില്‍ 20 റണ്‍സിന് 4 വിക്കറ്റും വീഴ്ത്തി. റാഷിദ് ഖാന്‍,മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍