India vs Afghanistan, T20 World Cup 2024
India vs Afghanistan: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഇന്നിങ്‌സ് 134 ല്‍ അവസാനിച്ചു. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ അഫ്ഗാന് സാധിച്ചില്ല. ജസ്പ്രീത് ബുംറ നാല് ഓവറില്‍ നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങിനും മൂന്ന് വിക്കറ്റ്. 20 പന്തില്‍ 26 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായ്, 17 പന്തില്‍ 19 റണ്‍സെടുത്ത നജിബുള്ള സാദ്രാന്‍ എന്നിവര്‍ മാത്രമാണ് അഫ്ഗാനു വേണ്ടി പൊരുതി നോക്കിയത്.
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 28 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 53 റണ്‍സ് നേടിയാണ് സൂര്യ പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ 24 പന്തില്‍ 32 റണ്‍സും വിരാട് കോലി 24 പന്തില്‍ 24 റണ്‍സും നേടി. കോലി ആദ്യമായാണ് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ രണ്ടക്കം കാണുന്നത്. നായകന്‍ രോഹിത് ശര്‍മ 13 പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്ത് 11 പന്തില്‍ 20 റണ്‍സെടുത്തു. അവസാന ഓവറില്‍ 12 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ സ്‌കോര്‍ 180 എത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചു.
അഫ്ഗാനിസ്ഥാനു വേണ്ടി റാഷിദ് ഖാന്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിരാട് കോലി, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരെയാണ് റാഷിദ് പുറത്താക്കിയത്. ഫസല്‍ഹഖ് ഫറൂഖി നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഫറൂഖിക്ക് ലഭിച്ചത്.