ടി20 ലോകകപ്പ് കാണാൻ ആള് കുറഞ്ഞു, പ്രതീക്ഷിച്ച വരുമാനത്തിൽ 25 ശതമാനം നഷ്ടമെന്ന് കമ്പനികൾ

അഭിറാം മനോഹർ

വ്യാഴം, 20 ജൂണ്‍ 2024 (19:23 IST)
പ്രതികൂല കാലാവസ്ഥയും ബാറ്റിംഗിനെ പിന്തുണയ്ക്കാത്ത അമേരിക്കന്‍ പിച്ചുകളും കൂടി ചേര്‍ന്നതോടെ ടി20 ലോകകപ്പ് മത്സരങ്ങളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും പരസ്യ വരുമാനത്തിലും വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. പ്രതീക്ഷിച്ച വരുമാനത്തിന്റെ 25 ശതമാനം നഷ്ടത്തിലായിരിക്കും ടൂര്‍ണമെന്റ് അവസാനിക്കുക എന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ടെലിവിഷന്‍- ഡിജിറ്റല്‍ സംപ്രേക്ഷണവും പരസ്യവരുമാനവും ഉള്‍പ്പടെ ഏതാണ്ട് 2,000 കോടിയുടെ വരുമാനമാണ് കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് 1,500 കോടിയില്‍ ചുരുങ്ങിയേക്കും.
 
 അമേരിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സമയവും ബാറ്റിംഗിനെ പിന്തുണയ്ക്കാത്ത പിച്ചില്‍ നടത്തിയ മത്സരങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ പ്രധാനഘട്ടമായ സൂപ്പര്‍ എട്ടില്‍ വരുമാനം വര്‍ധിക്കുമെന്നാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍ കരുതുന്നത്. ലോകകപ്പിനായി തിടുക്കത്തില്‍ നിര്‍മിച്ച പിച്ചുകളും പല മത്സരങ്ങളും മഴ മുടക്കിയതും ക്രിക്കറ്റ് ആരാധകരെ മടുപ്പിച്ചു. സൂപ്പര്‍ എട്ടില്‍ ആവേശകരമായ മത്സരങ്ങള്‍ സംഭവിച്ചാല്‍ നഷ്ടം നികത്താന്‍ സാധിക്കുമെന്നാണ് നിലവില്‍ കമ്പനികളുടെ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍