സൂപ്പര്‍ 8 മത്സരങ്ങള്‍ ഇന്നുമുതല്‍; സൂര്യയുടെ പരുക്ക് ഇന്ത്യക്ക് തിരിച്ചടിയാകുമോ?

അഭിറാം മനോഹർ

ബുധന്‍, 19 ജൂണ്‍ 2024 (13:14 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്ത്തി സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് പരിക്ക്. ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. പരിശീലനത്തിനിടെ സൂര്യയുടെ കൈയ്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
 
പരിശീലനത്തിനിടെ കയ്ക്ക് പന്ത് തട്ടിയ സൂര്യകുമാര്‍ യാദവ് അഫ്ഗാനെതിരായ മത്സരത്തില്‍ കളിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്യാമ്പ്. സൂര്യയുടെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. അമേരിക്കയ്‌ക്കെതിരെ അര്‍ധസെഞ്ചുറി നേടിയതൊഴിച്ചാല്‍ സമീപകാലത്തായി പഴയ സൂര്യകുമാറിന്റെ നിലവാരത്തിലെത്താന്‍ സൂര്യയ്ക്ക് ആയിട്ടില്ല. അഫ്ഗാനെതിരായ മത്സരത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജു സാംസണാകും സൂര്യയ്ക്ക് പകരം ടീമിലെത്തുക.
 
 വ്യാഴാഴ്ചയാണ് ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം. അഫ്ഗാന് പുറമെ ഓസ്‌ട്രേലിയ,ബംഗ്ലാദേശ് ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഇതില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാകും സെമി ഫൈനല്‍ മത്സരത്തിന് യോഗ്യത നേടുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍