Suryakumar Yadav: ഇനിയും അങ്ങനെ വിളിച്ച് ഡിവില്ലിയേഴ്‌സിനെ നാണം കെടുത്തരുത് ! പാക്കിസ്ഥാനെ കണ്ടാല്‍ കവാത്ത് മറക്കുന്ന സൂര്യകുമാര്‍

രേണുക വേണു

തിങ്കള്‍, 10 ജൂണ്‍ 2024 (10:27 IST)
Suryakumar Yadav

Suryakumar Yadav: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയെങ്കിലും ഇന്ത്യന്‍ ടീമില്‍ തലവേദനകള്‍ ഒരുപാടുണ്ട്. അതില്‍ ഏറ്റവും വലിയ തലവേദന സൂര്യകുമാര്‍ യാദവ് തന്നെ. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ എട്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ നേടാനായത് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രം. ഐസിസിയുടെ ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് കിടക്കുന്ന സൂര്യകുമാര്‍ നിര്‍ണായക ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ അങ്ങേയറ്റം നിരാശപ്പെടുത്തുകയാണ്. 
 
'ഇന്ത്യയുടെ എബി ഡിവില്ലിയേഴ്‌സ്' എന്നാണ് സൂര്യയെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ മികച്ച ടീമുകള്‍ക്കെതിരെ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന സൂര്യയെ ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മികച്ച ബൗളിങ് ലൈനപ്പ് വരുമ്പോള്‍ സൂര്യ അവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് പ്രധാന ടൂര്‍ണമെന്റുകളില്‍ കാണുന്നത്. 
 
പാക്കിസ്ഥാനെതിരായ ട്വന്റി 20 മത്സരങ്ങളില്‍ ഒരിക്കല്‍ പോലും 20 റണ്‍സെടുക്കാന്‍ സൂര്യകുമാറിനു സാധിച്ചിട്ടില്ല. പാക്കിസ്ഥാനെതിരായ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 64 റണ്‍സ് മാത്രമാണ് സൂര്യ ഇതുവരെ നേടിയിരിക്കുന്നത്. യഥാക്രമം 11, 18, 13, 15, 7 എന്നിങ്ങനെയാണ് സൂര്യ പാക്കിസ്ഥാനെതിരെ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഫ്‌ളാറ്റ് പിച്ചുകളില്‍ അനായാസം ബൗണ്ടറികള്‍ നേടുന്ന സൂര്യ ഇന്ത്യക്ക് പുറത്ത് ട്രിക്കി പിച്ചുകളില്‍ കളി വരുമ്പോള്‍ അമ്പേ നിരാശപ്പെടുത്തുന്നു. സൂര്യക്ക് പകരം സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങള്‍ കളിക്കുന്നതാകും നല്ലതെന്ന് ആരാധകര്‍ പറയുന്നു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് നോക്ക്ഔട്ടിലേക്ക് എത്തുമ്പോള്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി മികച്ച ബൗളിങ് ലൈനപ്പുള്ള ടീമുകളെ ഇന്ത്യക്ക് നേരിടേണ്ടി വരും. വമ്പന്‍ ടീമുകള്‍ക്കെതിരെ ഈ നിലയിലാണ് സൂര്യ കളിക്കുന്നതെങ്കില്‍ ഇന്ത്യ വേഗം പുറത്താകുമെന്നും ആരാധകര്‍ പരിഹസിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍