Virat Kohli: ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍, ലോകകപ്പില്‍ രണ്ടക്കം കാണാന്‍ ബുദ്ധിമുട്ടുന്നു; കോലിക്ക് എന്തുപറ്റി?

രേണുക വേണു

തിങ്കള്‍, 10 ജൂണ്‍ 2024 (10:22 IST)
Virat Kohli

Virat Kohli: ലോകകപ്പിലെ രണ്ടാം മത്സരത്തിലും റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ട് വിരാട് കോലി. പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ വെറും നാല് റണ്‍സെടുത്താണ് കോലി പുറത്തായത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കോലി നിരാശപ്പെടുത്തിയതോടെ ആരാധകരും വലിയ സങ്കടത്തിലാണ്. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഒരു റണ്‍സ് മാത്രമെടുത്താണ് കോലി പുറത്തായത്. രണ്ട് കളികളിലുമായി ആകെ സമ്പാദ്യം വെറും അഞ്ച് റണ്‍സ് ! 
 
കോലി ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ദുര്‍ഘടമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സ്ലോ പിച്ചുകളില്‍ കോലിയെ പോലൊരു ബാറ്റര്‍ ഇന്ത്യക്ക് അത്യാവശ്യമാണെന്നും ആരാധകര്‍ പറയുന്നു. രണ്ട് കളികളിലും കോലി ഓപ്പണറായാണ് ഇറങ്ങിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഓപ്പണറായി തിളങ്ങിയ കോലി ഇപ്പോള്‍ കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്. എന്നാല്‍ ഐപിഎല്ലിലെ ഫോം കോലിക്ക് ലോകകപ്പില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. 
 
കോലിയെ അടുത്ത കളികളില്‍ വണ്‍ഡൗണ്‍ ആയി ഇറക്കാനാണ് സാധ്യത. യഷസ്വി ജയ്‌സ്വാള്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. രോഹിത് ശര്‍മയും ജയ്‌സ്വാളും ഓപ്പണ്‍ ചെയ്യുകയും കോലി മൂന്നാം നമ്പറിലേക്ക് ഇറങ്ങുകയും ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍