എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആവേശം അവസാന പന്ത് വരെ നീണ്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനു നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
പാക്കിസ്ഥാനു വേണ്ടി സൊഹൈല്‍ ഖാന്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് വിക്കറ്റ് ശേഷിക്കെ 16 റണ്‍സായിരുന്നു. ഇയാന്‍ ബെല്ലും നായകന്‍ ഓയിന്‍ മോര്‍ഗനുമായിരുന്നു ഇംഗ്ലണ്ടിനായി ക്രീസില്‍. എന്നാല്‍ അവസാന ഓവറില്‍ 10 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിനു സാധിച്ചുള്ളൂ. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സൊഹൈല്‍ ഖാനെ ഫോറടിച്ച് ഇയാന്‍ ബെല്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന അഞ്ച് ബോളില്‍ സൊഹൈല്‍ ഖാന്‍ വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സ് ! അവസാന പന്തില്‍ സിക്‌സര്‍ അടിച്ചിരുന്നെങ്കില്‍ കളി സമനിലയാക്കാന്‍ സാധ്യതയുണ്ടായിരുന്നു. 35 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന ഇയാന്‍ ബെല്ലിനു അവസാന പന്തില്‍ സിംഗിള്‍ നേടാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഫില്‍ മസ്റ്റാര്‍ഡ് 51 പന്തില്‍ 58 റണ്‍സെടുത്തു.
അര്‍ധ സെഞ്ചുറി നേടിയ പാക്കിസ്ഥാന്‍ നായകന്‍ മുഹമ്മദ് ഹഫീസ് (34 പന്തില്‍ 54) ആണ് കളിയിലെ താരം. എട്ട് ബൗണ്ടറികളാണ് ഹഫീസ് നേടിയത്. ആമിര്‍ യാമിന്‍ 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി റുമ്മാന്‍ റയീസ്, സൊഹൈല്‍ തന്‍വീര്‍, ആമിര്‍ യാമിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.