India vs Bangladesh Scorecard: ഇന്ത്യക്കു മുന്നില്‍ കടുവകള്‍ പൂച്ചകളായി; ബംഗ്ലാദേശിന്റെ തോല്‍വി 50 റണ്‍സിന്

രേണുക വേണു

ശനി, 22 ജൂണ്‍ 2024 (21:42 IST)
ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ
 
 
India vs Bangladesh, T20 World Cup 2024: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ശേഷിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. 
 
ബംഗ്ലാദേശ് നിരയില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് തിളങ്ങിയത്. 32 പന്തില്‍ 40 റണ്‍സെടുത്ത ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ തന്‍സിദ് ഹസന്‍ 31 പന്തില്‍ 29 റണ്‍സ് നേടി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ബംഗ്ലാദേശിന്റെ ജയസാധ്യതകളെ കറക്കിവീഴ്ത്തിയത്. ജസ്പ്രീത് ബുംറയ്ക്കും അര്‍ഷ്ദീപ് സിങ്ങിനും രണ്ട് വീതം വിക്കറ്റുകള്‍. ഹാര്‍ദിക് പാണ്ഡ്യക്ക് ഒരു വിക്കറ്റ്. 
 
ഫോം ഔട്ടില്‍ ആയിരുന്ന വിരാട് കോലി, ശിവം ദുബെ, രോഹിത് ശര്‍മ എന്നിവര്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയതാണ് ഇന്ത്യയുടെ സ്‌കോര്‍ 200 നു അരികെ എത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സുമായി ഹാര്‍ദിക് പുറത്താകാതെ നിന്നു. വിരാട് കോലി 28 പന്തില്‍ 37 റണ്‍സും ശിവം ദുബെ 24 പന്തില്‍ 34 റണ്‍സും നേടി. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന റിഷഭ് പന്ത് 24 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 36 റണ്‍സെടുത്തു. രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സ് നേടി. 
 
ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ സാക്കിബ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റിഷാദ് ഹൊസൈന്‍ മൂന്ന് ഓവറില്‍ 43 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍