West Indies vs USA, T20 World Cup 2024: നെറ്റ് റണ്‍റേറ്റ് തിരിച്ചുപിടിച്ച് വെസ്റ്റ് ഇന്‍ഡീസ്; യുഎസ്എയുടെ സ്‌കോര്‍ 11-ാം ഓവറില്‍ മറികടന്നു !

രേണുക വേണു

ശനി, 22 ജൂണ്‍ 2024 (09:19 IST)
West Indies

West Indies vs USA, T20 World Cup 2024: യുഎസ്എയ്‌ക്കെതിരായ മത്സരത്തിലെ ആധികാരിക ജയത്തോടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. യുഎസ്എയെ 55 പന്തുകള്‍ ശേഷിക്കെ ഒന്‍പത് വിക്കറ്റിനാണ് വിന്‍ഡീസ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 19.5 ഓവറില്‍ 128 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് 10.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 
 
വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പ് വെറും 39 പന്തുകളില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം 82 റണ്‍സുമായി പുറത്താകാതെ നിന്നു. നിക്കോളാസ് പൂറാന്‍ 12 പന്തുകളില്‍ പുറത്താകാതെ 27 റണ്‍സ് നേടി. 15 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിന്റെ വിക്കറ്റാണ് വിന്‍ഡീസിനു നഷ്ടമായത്. 
 
വെസ്റ്റ് ഇന്‍ഡീസിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ റോസ്റ്റണ്‍ ചേസ് ആണ് യുഎസ്എയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ചേസ് ആണ് കളിയിലെ താരവും. ആന്ദ്രേ റസലിനും മൂന്ന് വിക്കറ്റ്. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 16 പന്തില്‍ 29 റണ്‍സെടുത്ത ആന്‍ഡ്രിസ് ഗൗസ് ആണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. 
 
സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വി വിന്‍ഡീസിന് വലിയ ആഘാതമായിരുന്നു. ഈ മത്സരത്തിനു ശേഷം കുത്തനെ താഴ്ന്ന നെറ്റ് റണ്‍റേറ്റ് യുഎസ്എയ്‌ക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ വിന്‍ഡീസ് തിരിച്ചുപിടിച്ചു. രണ്ട് കളികളില്‍ നിന്ന് ഒരു ജയത്തോടെ വിന്‍ഡീസ് ഇപ്പോള്‍ ഗ്രൂപ്പ് 2 ലെ രണ്ടാം സ്ഥാനക്കാരാണ്. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് വിന്‍ഡീസിന്റെ സൂപ്പര്‍ എട്ടിലെ അവസാന മത്സരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍