India Semi Final Scenario: ഓസ്‌ട്രേലിയയോട് തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താകുമോ?

രേണുക വേണു

ഞായര്‍, 23 ജൂണ്‍ 2024 (10:29 IST)
India Semi Final Scenario: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് കളികളില്‍ നിന്ന് രണ്ട് ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയിലെ അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരഫലം ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകളെ എങ്ങനെ ബാധിച്ചെന്ന് അറിയുമോ? 
 
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ 21 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ജയിച്ചത്. രണ്ട് കളികളില്‍ ഒരോ ജയം വീതമുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. ശേഷിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സെമി ഫൈനലിലേക്ക് എത്തും. നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 2.43 ആണ്. മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ളതിനാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ചെറിയ മാര്‍ജിനില്‍ തോറ്റാലും ഇന്ത്യക്ക് സെമി ഉറപ്പാണ്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രം ഇന്ത്യ പുറത്താകും. 
 
ഇന്ത്യക്കെതിരെ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്കും ഏറെക്കുറെ സെമിയില്‍ കയറാം. എന്നാല്‍ ഇന്ത്യക്കെതിരെ ജയിക്കുന്നതിനൊപ്പം അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് മത്സരഫലവും ഓസീസിന്റെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിച്ചേക്കാം. അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ അത് ചിലപ്പോള്‍ ഓസീസിനു തിരിച്ചടിയായേക്കാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍