ടി20 ക്രിക്കറ്റില്‍ സഞ്ജു ആരാധകര്‍ ഏറെ മോഹിച്ച രാത്രിയായിരുന്നു ശനിയാഴ്ച സംഭവിച്ചത്. ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ സാക്ഷിയാക്കി മൈതാനത്തിന്റെ തലങ്ങും വിലങ്ങും ഷോട്ടുകളുമായി സഞ്ജു നിറഞ്ഞുകളിച്ചപ്പോള്‍ ഒരുപിടി റെക്കോര്‍ഡുകളും മലയാളി താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സ്‌കോറിംഗ് റേറ്റ് കുറയ്ക്കാതെ ബാറ്റ് വീശിയ സഞ്ജു 40 പന്തിലാണ് 100 റണ്‍സ് എന്ന മാന്ത്രിക സംഖ്യ മറികടന്നത്.
മത്സരശേഷം ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി തന്റെ പ്രകടനത്തെ പറ്റി സഞ്ജു സംസാരിച്ചു. ഏറെ സന്തോഷവാനായാണ് വീഡിയോയില്‍ സഞ്ജു സംസാരിച്ചത്. തീര്‍ച്ചയായും ഇമോഷണലാണ്. വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു നിമിഷം സംഭവിച്ചു എന്നതില്‍ ദൈവത്തിനോട് സന്തോഷമുണ്ട്. ഞാന്‍ പരിശ്രമിച്ചുകൊണ്ടെ ഇരുന്നു. എന്റെ കഴിവുകളില്‍ വിശ്വസിച്ചു. എന്റെ സെഞ്ചുറി ആഘോഷിക്കാന്‍ നിങ്ങള്‍ അവിടെയുണ്ടായിരുന്നു എന്നതില്‍ സന്തോഷമുണ്ട്. സൂര്യയോട് സഞ്ജു പറയുന്നു.
ഇതിനുള്ള സൂര്യയുടെ മറുപടി ഇങ്ങനെ. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഞാന്‍ മത്സരം ആസ്വദിക്കുകയായിരുന്നു. ഞാന്‍ കണ്ട മികച്ച സെഞ്ചുറികളില്‍ ഒന്നാണിത്. എന്തിനാണ് 96ലോ 97ലോ നില്‍ക്കുമ്പോള്‍ റിസ്‌ക് എടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കിയത് എന്ന സൂര്യയുടെ ചോദ്യത്തിനും സഞ്ജു മറുപടി നല്‍കി. കൂടുതല്‍ ആക്രമണോത്സുകമായി കളിക്കുക എന്നാല്‍ വിനായാന്വിതനായിരിക്കുക. ഇതാണ് ഗംഭീര്‍ വന്നതിന് പിന്നെയുള്ള ടീം ഫിലോസഫി. ക്യാപ്റ്റനും ഇത് തന്നെയാണ് പറയുന്നത്. ഇത് എന്റെ സ്വഭാവത്തില്‍ തന്നെയുള്ളതാണ്.
https://www.bcci.tv/bccilink/videos/XrhYzXhX
ഞാന്‍ 96ല്‍ എത്തിനില്‍ക്കുമ്പോള്‍ എടാ ഈ സെഞ്ചുറി നിനക്ക് അവകാശപ്പെട്ടതാണ് തിരക്കില്ലാതെ അത് എടുത്തേക്ക് എന്നാണ് സൂര്യ എന്നോട് പറഞ്ഞത്. എന്നാല്‍ ഞാന്‍ അടിക്കാന്‍ ഉറപ്പിച്ചിരുന്നു. സൂര്യയോട് അത് പറയുകയും ചെയ്തിരുന്നു. എന്റെ റോളിനെ പറ്റി ടീം വ്യക്തത തന്നിരുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ക്യാപ്റ്റന്‍ സൂര്യയോടും ഗൗതം ഭായിയോടും അതില്‍ നന്ദിയുണ്ട്. ടീമിന്റെ പുതിയ ശൈലി എനിക്ക് യോജിക്കുന്നതാണ്. സഞ്ജു വീഡിയോയില്‍ പറയുന്നു.