പന്തും ഗില്ലും ഉണ്ടാകില്ല, ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജു, പ്രഖ്യാപനം ഉടൻ

അഭിറാം മനോഹർ

വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (10:41 IST)
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമില്‍ ടെസ്റ്റ് പരമ്പരയുടെ ഭാഗമായിരുന്ന റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ടി20 പരമ്പരയില്‍ സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാകാനുള്ള സാധ്യത ഉയര്‍ന്നു.
 
ന്യൂസിലന്‍ഡിനെതിരെ 3 ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകളും ഇന്ത്യ വരും മാസങ്ങളില്‍ കളിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഗില്ലിനും പന്തിനും വിശ്രമം അനുവദിക്കുന്നത്. ഇവര്‍ക്ക് പുറമെ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കും ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കും. അതേസമയം ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇറാനി ട്രോഫിയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് വേണ്ടിയാണെന്നാണ് കരുതുന്നത്.
 
 സഞ്ജുവിന് പുറമെ സിംബാബ്വെയ്‌ക്കെതിരെ ടി20 പരമ്പരയില്‍ കളിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവര്‍ക്കും ടീമില്‍ അവസരം ലഭിച്ചേക്കും. യശ്വസി ജയ്‌സ്വാളിന് ടീം വിശ്രമം അനുവദിക്കുകയാണെങ്കില്‍ സഞ്ജു സാംസണെ ടീം ഓപ്പണറായി പരീക്ഷിക്കാനും സാധ്യതയുണ്ട്. മധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും തിരിച്ചെത്തും. സിംബാബ്വെ പര്യടനത്തില്‍ ബാക്കപ്പ് ആയിരുന്ന ഹര്‍ഷിത് റാണയ്ക്കും ടി20 ടീമില്‍ സ്ഥാനം ലഭിച്ചേക്കും. ഒക്ടോബര്‍ 6നാണ് പരമ്പരയിലെ ആദ്യ മത്സരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍