ബാബറിനെ പുറത്താക്കിയത് തെറ്റായ തീരുമാനം, ഇന്ത്യയെ നോക്കു, അവർ കോലിയെ പുറത്താക്കിയില്ല: പാക്ക് ക്രിക്കറ്റ് ബോർഡിനെതിരെ ഫഖർ സമാൻ

അഭിറാം മനോഹർ
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (17:30 IST)
ഇംഗ്ലണ്ടിനെതിരായ അവസാന 2 ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും സൂപ്പര്‍ താരം ബാബര്‍ അസമിനെ പുറത്താക്കിയ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി സഹതാരം ഫഖര്‍ സമാന്‍. ബാബര്‍ അസമിനെ പാക് ടീമില്‍ നിന്നും പുറത്താക്കിയതായി കേള്‍ക്കുന്നു. 2020-23 കാലഘട്ടത്തില്‍ മോശം ഫോമിലൂടെ കടന്നുപോയിട്ടും ഇന്ത്യ കോലിയെ പുറത്താക്കിയില്ല എന്നത് ഓര്‍ക്കണം. എക്കാലത്തെയും മികച്ച ബാറ്ററെ പുറത്താക്കാനാണ് തീരുമാനമെങ്കില്‍ അത് ടീമിനുള്ളില്‍ തെറ്റായ സന്ദേശമാകും നല്‍കുക. ഫഖര്‍ സമാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
 
 കഴിഞ്ഞ 18 ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി പോലും സ്വന്തമാക്കാന്‍ ബാബര്‍ അസമിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ബാബര്‍ അസമിനെ പുറത്താക്കാനുള്ള തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡ് എടുത്തത്. ബാബറിനെ കൂടാതെ ഷഹീന്‍ ഷാ അഫ്രീദി,നസീം ഷാ എന്നിവരെയും ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിലും ടീമിലുണ്ടായിരുന്ന മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെയും അടുത്ത 2 ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്നും പാകിസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന പാകിസ്ഥാന്‍ ക്രിക്കറ്റിന് കരകയറേണ്ടതുണ്ടെന്നും അതിനായുള്ള ശ്രമങ്ങളിലാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article