ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിന് വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യന്‍ പ്രതീക്ഷകളെ തച്ചുടച്ചിട്ടും ട്രാവിസ് ഹെഡിനെ പ്രതിരോധിക്കാനുള്ള ഒരുവഴി ഇന്ത്യ കണ്ടെത്തിയില്ലെന്നും അത് നിരാശാജനകമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
മത്സരത്തില്‍ 141 പന്തില്‍ 140 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. സമ്മര്‍ദ്ദ ഘട്ടത്തില്‍ നിന്ന ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ ശക്തമായ നിലയിലെത്തിച്ച ശേഷമാണ് ഹെഡ് മടങ്ങിയത്. 17 ബൗണ്ടറികളും 4 സിക്‌സുകളുമടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്ങ്‌സ്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരിക്കല്‍ പോലും ഹെഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചില്ലെന്നും കഴിഞ്ഞ 2 ഫൈനലുകളിലെയും അതേ പിഴവ് തന്നെ ആവര്‍ത്തിച്ചെന്നും ഗവാസ്‌കര്‍ പറഞ്ഞു.