പാക് ക്രിക്കറ്റിൽ കാര്യങ്ങൾ ഇപ്പോഴും നേരയല്ല, കോച്ച് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ഗാരി കേസ്റ്റൺ

അഭിറാം മനോഹർ
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (12:13 IST)
ഇന്ത്യയ്ക്ക് 2011ലെ ഏകദിന ലോകകപ്പ് നേടികൊടുത്ത പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവുമായ ഗാരി കേസ്റ്റണ്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ക്രിക്ബസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2024 ഏപ്രിലിലാണ് കേസ്റ്റണ്‍ പാക് ടീം പരിശീലകനായത്. എന്നാല്‍ 6 മാസത്തിനുള്ളില്‍ തന്നെ കേസ്റ്റണ്‍ രാജിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 
കളിക്കാരുമായും പിസിബിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിക്കുന്നതെന്നാണ് സൂചന. ഡേവിഡ് റീഡിനെ ഹൈ പെര്‍ഫോമന്‍സ് കോച്ചായി നിയമിക്കണമെന്ന കേസ്റ്റന്റെ ആവശ്യം പിസിബി നിരസിച്ചതും രാജിയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ്റ്റണ്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമാണ് ടി20 ലോകകപ്പില്‍ പാക് ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്. ബാബര്‍ അസമിന്റെ നായകസ്ഥാനത്തേക്കുള്ള തിരിച്ചുവരവും രാജിയും സംഭവിച്ചത് ഈ സമയത്ത് തന്നെയായിരുന്നു. കളിക്കാരുമായി കേസ്റ്റണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് രാജിയെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article