സർപ്രൈസ് നീക്കവുമായി പാകിസ്ഥാൻ, മുഖ്യ കോച്ചായി ഷെയ്ൻ വാട്സണെത്തുന്നു

അഭിറാം മനോഹർ

ഞായര്‍, 10 മാര്‍ച്ച് 2024 (18:18 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ നിയമിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേഴ്‌സ് പരിശീലകനാണ് വാട്ട്‌സണ്‍. അഞ്ച് വര്‍ഷത്തിന് ശേഷം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ക്വറ്റ ഗ്ലാഡിയേഴ്‌സിനായത് വാട്‌സണിന്റെ പരിശീലനത്തിന് കീഴിലാണ്.
 
അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനെയും വാട്‌സനാണ് പരിശീലിപ്പിക്കുന്നതും ഇതിനൊപ്പം ഐപിഎല്ലിലും ഐസിസി ടൂര്‍ണമെന്റുകളിലും കമന്ററിയും വാട്‌സണ്‍ ചെയ്യാറുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ദയനീയമായ നിലയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ക്കൊപ്പം ടെസ്റ്റിലും ടി20യിലുമെല്ലാം മോശം പ്രകടനമാണ് ടീം തുടരുന്നത്. ഈ സാഹചര്യത്തിലാണ് പാക് ടീം പുതിയ പരിശീലകനെ തേടുന്നത്.
 
ഓസ്‌ട്രേലിയക്കായി 190 ഏകദിനങ്ങളില്‍ നിന്നും 5,727 റണ്‍സും 168 വിക്കറ്റുകളും വാട്‌സണ്‍ നേടിയിട്ടുണ്ട്. 59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3,731 റണ്‍സും 75 വിക്കറ്റും 58 ടി20 മത്സരങ്ങളില്‍ നിന്ന് 1462 റണ്‍സും 48 വിക്കറ്റുകളും വാട്‌സന്റെ പേരിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍