1983 ലോകകപ്പ് ടീമില്‍ കളിച്ച ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു

Webdunia
ചൊവ്വ, 13 ജൂലൈ 2021 (11:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 7.40 നായിരുന്നു മരണം. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ യശ്പാല്‍ ശര്‍മ ടീമില്‍ ഉണ്ടായിരുന്നു. പഞ്ചാബ് സ്വദേശിയാണ്. 
 
1954 ഓഗസ്റ്റ് 11 നായിരുന്നു യശ്പാല്‍ ശര്‍മയുടെ ജനനം. മധ്യനിര ബാറ്റ്‌സ്മാനായാണ് യശ്പാല്‍ ശര്‍മ ഇന്ത്യന്‍ ടീമിലെത്തിയത്. 
 
1983 ലെ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ യശ്പാല്‍ ശര്‍മ 89 റണ്‍സ് എടുത്തിരുന്നു. ഇതാണ് യശ്പാല്‍ ശര്‍മയുടെ ഏകദിനത്തിലെ ടോപ് സ്‌കോര്‍. ഇന്ത്യ 34 റണ്‍സിന് വിജയിച്ച മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും ശര്‍മയായിരുന്നു. 83 ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ സെമിയലും 61 റണ്‍സെടുത്ത ശര്‍മ ടോപ് സ്‌കോററായി.
 
ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 32 പന്തില്‍ 11 റണ്‍സ് എടുത്താണ് പുറത്തായത്. വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് എടുക്കുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയമായിരുന്നു അത്. 
 
ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും യശ്പാല്‍ ശര്‍മ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883 റണ്‍സുമാണ് സമ്പാദ്യം. 140 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article