മമ്മൂട്ടി-പാര്‍വതി ചിത്രം 'പുഴു' ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ പ്രമുഖരെയും പരിചയപ്പെടുത്തുകയാണ് നിര്‍മ്മാതാക്കള്‍. സിനിമയില്‍ അനുഭവസമ്പത്തുള്ള ഒരു ടീം തന്നെ പുഴുവിലുണ്ട്. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി സംവിധായക റത്തീന തന്നെയാണ് അക്കൂട്ടത്തില്‍ ആദ്യം.കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ, മേര്‍ക്കു തൊടര്‍ച്ചി മലൈ, പേരന്‍പ് എന്നിവ ചിത്രീകരിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍. ഇപ്പോഴിതാ പുഴുവിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ദീപു ജോസഫിനെ കുറിച്ച് പറയുകയാണ് പുഴു ടീം.
'കാലാതീതമായ ഒരുപാട് സൃഷ്ടികള്‍ക്കു പിന്നിലെ ശക്തമായ സാന്നിധ്യം; മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ഒരുപാട് നല്ല ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ എറ്റുവാങ്ങിയ ദീപു ജോസഫാണ് പുഴുവിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
ചുരുളി, ജെല്ലിക്കെട്ട്, ഈ. മ. യൗ എന്നീ ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ചിത്രങ്ങളിലൂടെ എഡിറ്റിംഗ് എന്ന കലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ പ്രതിഭ. ഒരു ചിത്രത്തിന്റെ കഥാഗതിയുടെ ആഴങ്ങള്‍ അറിഞ്ഞുകൊണ്ട്, ആ കഥയെ അതിന്റെ പൂര്‍ണതയിലേക്കെത്തിക്കാനുള്ള യാത്രയിലെ ഏറ്റവും നിര്‍ണായകമായ ഘടകങ്ങളില്‍ ഒന്നാണ് എഡിറ്റിംഗ്. ഇവിടെയാണ് ദീപു ജോസഫെന്ന പേര് പ്രാധാന്യമര്‍ഹിക്കുന്നതും. എഡിറ്റിംഗ് എന്ന ക്രിയാത്മകമായ കലയെ അതര്‍ഹിക്കുന്ന അര്‍പ്പണമനോഭാവത്തോടെ സമീപിക്കുന്ന പുതിയകാലത്തിന്റെ വേറിട്ട വഴിയാണ് ദീപു'- പുഴു ടീം കുറിച്ചു.