ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ആണ് ഇക്കാര്യം പറഞ്ഞത്. അതേസമയം സര്‍ക്കാരിന്റെ കീഴിലുള്ള ഹോസ്റ്റല്‍ ആണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ഹോസ്റ്റലുകളിലും റെയ്ഡ് നടത്തണമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആവശ്യമെന്നും റെയ്ഡ് നടത്തിയ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ഇനി ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും വിസി വ്യക്തമാക്കി. ഇന്ന് രാവിലെ തിരുവനന്തപുരം പാളയത്തെ ഹോസ്റ്റലിലാണ് എക്‌സൈസ് മിന്നല്‍ പരിശോധന നടത്തിയത്. ഈ ഹോസ്റ്റലില്‍ പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ളവരും താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നാലു പാക്കറ്റ് കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്.