'മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. നാളെ ഞാൻ കാരണം മലയാള സിനിമ നാല് പേർ കൂടുതൽ അറിഞ്ഞാൽ, അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം ഞാൻ വലിയ സ്റ്റാറുമാകണം. എന്നിട്ട് നാളെ അവിടുത്തെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയറ്ററിൽ റിലീസ് ആകുമ്പോൾ അവർ തിയറ്ററിൽ പോയി അത് കാണണം.. അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡർ സ്ഥാനം വഹിക്കണം', എന്നാണ് പൃഥ്വി പറയുന്നത്.
നടൻ എന്ന ലേബലിനപ്പുറം താൻ മികച്ച സംവിധായകനും നിർമാതാവും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. മലയാളവും തമിഴുമെല്ലാം കടന്ന് ബോളിവുഡിൽ വരെ പൃഥ്വി തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. അന്യ ഭാഷകളിൽ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ വരെ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. തന്റെ പുതിയ ചിത്രമായ എംപുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.