എന്‍റെ സിനിമകൾ കോടി ക്ലബ്ബുകളിൽ കയറുന്നതിൽ സന്തോഷം; മോഹന്‍ലാല്‍

നിഹാരിക കെ.എസ്

ശനി, 22 മാര്‍ച്ച് 2025 (14:21 IST)
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ റെക്കോർഡുകൾ ഉള്ളത് മോഹൻലാലിന്റെ പേരിലാണ്. മോഹൻലാലിനോളം ക്രൗഡ് പുള്ളർ മലയാളത്തിൽ മറ്റൊരാളുമില്ല. ഇപ്പോഴിതാ, മോഹൻലാൽ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനുകളെ കുറിച്ചും 100 കോടി ക്ലബ്ബുകളെ കുറിച്ചും സംസാരിക്കുകയാണ് നടൻ. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെയെല്ലാം എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ മറുപടി ശ്രദ്ധേയമാകുന്നു.  
 
100 കോടിയും 200 കോടിയുമൊക്കെ ബിസിനസ് കണക്കുകള്‍ മാത്രമാണെന്നും മറിച്ച് 47 വര്‍ഷം ഇവിടെ നിലനില്‍ക്കാന്‍ പറ്റിയെന്നതാണ് പ്രധാനമെന്നും മോഹൻലാൽ പറയുന്നു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 47 വര്‍ഷം എന്ന് പറയുന്നത് ഒരു നീണ്ട യാത്രയാണെന്നും പ്രേക്ഷകര്‍ തരുന്ന സ്‌നേഹവും വാത്സല്യവുമാണ് പണത്തേക്കാള്‍ വലുത് എന്നും മോഹൻലാൽ പറയുന്നു.
 
'100 കോടിയും 200 കോടിയുമൊക്കെ പുതിയ കാര്യങ്ങളാണ്. ഞങ്ങള്‍ സിനിമ തുടങ്ങിയ കാലത്ത് ബോക്‌സ് ഓഫിസ് ഹിറ്റുകളെക്കുറിച്ച് ചിന്തിക്കാറില്ലായിരുന്നു. അന്നത്തെ കാലത്ത് എല്ലാം അങ്ങനെ ആയിരുന്നു. ഇന്നത്തെ കാലത്ത് 100 ദിവസമോ 50 ദിവസമോ സിനിമ ഓടുക എന്നത് തന്നെ ബുദ്ധിമുട്ടാണ്. പണം എന്നത് നമുക്ക് പ്രധാനപ്പെട്ടതാണ്. നമ്മള്‍ക്ക് മുടക്കിയ പണം തിരിച്ചുകിട്ടുകയെങ്കിലും വേണം. അല്ലാതെ 100 കോടിയോ 200 കോടിയോ എന്നതൊന്നും വിഷയമല്ല. എന്റെ സിനിമകള്‍ അത്തരം ക്ലബ്ബുകളില്‍ കയറുന്നു എന്നതില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും നടന്‍, നിര്‍മാതാവ് എന്ന നിലയില്‍ അതിലെനിക്ക് സന്തോഷമുണ്ട്. വരാനിരിക്കുന്ന സിനിമകളിലും അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍