Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

നിഹാരിക കെ.എസ്

ഞായര്‍, 13 ജൂലൈ 2025 (12:33 IST)
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ധനുഷ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായ അഭിനയമാണ് അദ്ദേഹം കാഴ്ച വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ തമിഴ് സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ധനുഷിന്റെ പേരുമുണ്ടാകും. എന്നാൽ, ധനുഷിന്റെ ഓഫ് സ്‌ക്രീൻ ജീവിതം അത്ര തിളക്കമുള്ളതല്ല. വ്യക്തി ജീവിതത്തിലെ വീഴ്ചകൾക്ക് പിന്നാലെ ധനുഷിന്റെ പെരുമാറ്റ രീതികളെ കുറിച്ച് അടുത്തിടെ വലിയ ചർച്ചകൾ നടന്നിരുന്നു.  
 
അടുത്തിടെ, മുംബൈയിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ നയൻദീപ് രക്ഷിത് നടത്തിയ ഒരു വെളിപ്പെടുത്തൽ, ധനുഷ് ആരാധകരെയും സിനിമ പ്രേമികളെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. ദേശീയ അവാർഡ് ജേതാവായ നടനുമായി അഭിമുഖം നടത്താൻ എത്തിയ തനിക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ, നയൻദീപ് ദി മോട്ടോർമൗത്ത് ഷോ എന്ന പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ധനുഷ് തന്നോട് മാത്രമല്ല, ആ ഹോട്ടലിൽ ജോലി ചെയ്തിരുന്നവരോടും വളരെ അപമര്യാദയായിട്ടാണ് പെരുമാറിയത് എന്ന് മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.
 
വേലൈ ഇല്ലാ പട്ടധാരി 2 എന്ന സിനിമയുടെ മുംബൈ പ്രൊമോഷൻ പരിപാടികൾക്കിടയിലാണ് ഈ സംഭവം അരങ്ങേറിയത് എന്ന് നയൻദീപ് വെളിപ്പെടുത്തി. ആ സിനിമയേക്കുറിച്ചു സംസാരിക്കാൻ ഉദ്ദേശിച്ചുള്ള അഭിമുഖം, 15 മിനിറ്റ് നേരത്തേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വെറും മൂന്ന് മിനിറ്റ് മാത്രമേ അത് നീണ്ടു നിന്നുള്ളൂവെന്നും, പ്രശസ്ത തമിഴ് സിനിമാ താരം, താൻ ചോദിച്ച 10 ചോദ്യങ്ങളിൽ ഒന്നിന് പോലും ശരിയായി ഉത്തരം നൽകാൻ വിസമ്മതിച്ചതായും പ്രശസ്ത ജേർണലിസ്റ്റ് വെളിപ്പെടുത്തി.
 
ആ സിനിമയിൽ ബോളിവുഡ് താരം കാജോളിനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, "നീ ഇതൊക്കെ അവരോടു ചോദിക്കണം" എന്ന് പറഞ്ഞുകൊണ്ട് നടൻ ഒഴിഞ്ഞുമാറിയെന്നും, സംഭാഷണത്തിനിടെ ജ്യൂസ് നൽകിയ ഒരു സ്റ്റാഫ് അംഗത്തോട് വളരെ പരുഷമായി പ്രതികരിച്ചുവെന്നും നയൻദീപ് രക്ഷിത് അവകാശപ്പെട്ടു. "അതിന് മുമ്പ് സംഭവിച്ച എന്തെങ്കിലും കാര്യം കൊണ്ട് അദ്ദേഹം അസ്വസ്ഥനായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ ജ്യൂസ് വിളമ്പാൻ വന്ന ആളോട് അദ്ദേഹം സംസാരിച്ച രീതി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല," നയൻദീപ് പങ്കുവെച്ചു.
 
"നിങ്ങൾക്ക് നിങ്ങൾ ഒരു സൂപ്പർസ്റ്റാറാണെന്ന് തോന്നാം... നിങ്ങൾ ഒരു സൂപ്പർസ്റ്റാറാണ്. പക്ഷേ നിങ്ങളുടെ സൂപ്പർസ്റ്റാർ ഗുണം കാണിക്കേണ്ടത് സാമൂഹികമായി നിങ്ങളെക്കാൾ താഴെ നിൽക്കുന്ന ആളുകളോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ്. ഞാൻ, ആ ജ്യൂസി കൊണ്ട് വന്ന വ്യക്തി, പി.ആർ. ജോലി ചെയ്യുന്നവർ, നിങ്ങളുടെ മാനേജർ, അങ്ങനെയുള്ളവരോട്," മാധ്യമപ്രവർത്തകൻ പറഞ്ഞു. തന്നെ പരിചയപ്പെടുത്തിയ പി.ആർ. മാനേജരോട്, "ഇയാൾ ആണോ നന്നായി ഇന്റർവ്യൂ ചെയ്യുമെന്ന് നീ പറഞ്ഞ ആൾ," എന്ന് ധനുഷ് പരിഹാസത്തോടെ ചോദിച്ചതായും നയൻദീപ് ഓർത്തെടുത്തു.
 
ഇതാദ്യമായല്ല ധനുഷിനെതിരെ പരസ്യമായ ഒരു ആക്രമണം ഉണ്ടാവുന്നത്. മുൻപ്, പ്രശസ്ത നടി നയൻ‌താര, നടനെതിരെ ഒരു തുറന്ന കത്ത് എഴുതി നടനിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ വിവരിച്ചിരുന്നു. അടുത്തിടെ, നടനൊപ്പം തിരുച്ചിട്രമ്പലം, ഇഡ്ലി കടൈ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നിത്യ മേനോൻ, ധനുഷിന്റെ പേരെടുത്ത പറയാതെ ചിലത് വെളിപ്പെടുത്തിയിരുന്നു. സ്റ്റേജിൽ എത്തുമ്പോൾ അമിത വിനയം കാണിക്കുന്ന പലരും, യഥാർത്ഥ ജീവിതത്തിൽ മറ്റൊരു മുഖം ഉള്ളവരാണ് എന്നാണ് അന്ന് നിത്യ വെളിപ്പെടുത്തിയത്. നിത്യയുടെ ഒളിയമ്പുകൾ ധനുഷിന് നേരെയുള്ളതാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍