Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

നിഹാരിക കെ.എസ്

ഞായര്‍, 13 ജൂലൈ 2025 (14:53 IST)
ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടിയാണ് ശിൽപ ഷെട്ടി. തമിഴിലും തെലുങ്കിലും ശില്പ അഭിനയിച്ചയിട്ടുണ്ട്. ധ്രുവ സർജ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ ചിത്രമായ കെഡി - ദി ഡെവിളാണ് താരത്തിന്റെ അടിത്തിറങ്ങാൻ പോകുന്ന ചിത്രം. ഇപ്പോഴിതാ, ഇതുവരെ മലയാള സിനിമയിൽ അഭിനയിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
 
മലയാളത്തിൽ അഭിനയിയ്ക്കാൻ ഭയമായിരുന്നുവെന്ന് പറഞ്ഞ നടി, തനിക്ക് മുൻപ് മലയാളത്തിൽ നിന്നും ഓഫറുകൾ വന്നിരുന്നുവെന്നും വെളിപ്പെടുത്തുന്നു. കൊച്ചിയിൽ മലയാള സിനിമയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശിൽപ ഷെട്ടി.
 
'ഹിന്ദി സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കുറച്ച് ഓഫറുകൾ വന്നിട്ടുണ്ട്, പക്ഷേ എനിക്ക് ഭയമുള്ളതിനാൽ ഞാൻ ഒരിക്കലും അവക്ക് സമ്മതം പറഞ്ഞിട്ടില്ല. എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. മലയാളത്തിൽ അഭിനയിച്ചാൽ എന്റെ വേഷത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ഞാൻ ഒരു മലയാള സിനിമ ചെയ്തേക്കാം' -ശിൽപ ഷെട്ടി പറഞ്ഞു.
 
മലയാളത്തിലെ ഏതെങ്കിലും നടനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഹൻലാൽ എന്നായിരുന്നു മറുപടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും ശില്പ പറഞ്ഞു. മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട ചിത്രം ഫാസിൽ സംവിധാനം ചെയ്ത 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' (1984) ആണെന്നും നടി വെളിപ്പെടുത്തി. അത് തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് അവർ വിശേഷിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍