Dangal actress Fathima Sana: മോശമായി സ്പർശിച്ചയാളെ തല്ലി, ദേഷ്യം പിടിച്ച അയാൾ എന്നെ അടിച്ച് നിലത്തിട്ടു: അനുഭവം പറഞ്ഞ് ഫാത്തിമ സന

നിഹാരിക കെ.എസ്

ഞായര്‍, 13 ജൂലൈ 2025 (11:48 IST)
ആമിർ ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ നടിയാണ് ഫാത്തിമ. ഇയ്യടുത്തിറങ്ങിയ ചിത്രങ്ങളായ മെട്രോ ഇന്‍ ദിനോം, ആപ് ജൈസ കോയ് എന്നിവയിലെ ഫാത്തിമയുടെ പ്രകടനം കയ്യടി നേടിയിരുന്നു. മാധവന്‍ ആണ് ആപ് ജൈസ കോയിയില്‍ ഫാത്തിമയുടെ നായകന്‍. ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്കുണ്ടായ മോശം അനുഭവം നടി തുറന്നു പറഞ്ഞിരുന്നു. 
 
തന്റെ ദേഹത്ത് മോശമായി സ്പര്‍ശിച്ചയാളെ തല്ലിയതിനെക്കുറിച്ചാണ് ഫാത്തിമ പറയുന്നത്. താന്‍ തല്ലിയയാള്‍ തന്നെ തിരിച്ച് തല്ലി വീഴ്ത്തിയെന്നും ഫാത്തിമ സന പറയുന്നു. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫാത്തിമ സനയുടെ വെളിപ്പെടുത്തല്‍.
 
'ഒരിക്കല്‍ ഒരാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു. ഞാന്‍ അയാളെ അടിച്ചു. പക്ഷെ അയാള്‍ എന്നെ ശക്തമായി തിരിച്ചടിച്ചു. ഞാന്‍ അടിയേറ്റ് നിലത്ത് വീണു. അയാള്‍ എന്നെ തൊട്ടതിനാണ് ഞാന്‍ അയാളെ അടിച്ചത്. പക്ഷെ അത് അയാളെ ദേഷ്യപിടിപ്പിച്ചു. ഞാന്‍ നിലത്ത് വീഴുന്നത് വരെ അയാള്‍ എന്നെ തല്ലി. ആ സംഭവത്തിന് ശേഷം ഞാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി. പക്ഷെ അതിലെ വിരോധാഭാസം നോക്കൂ, നമുക്ക് നേരെ എന്തെങ്കിലും ഉണ്ടായാലും അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് നമ്മള്‍ക്ക് ചിന്തിക്കേണ്ടി വരികയാണ്. 
 
കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ഞാന്‍ മുംബൈയിലൂടെ സൈക്കിള്‍ ഓടിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചിരുന്നു. ഒരു ടെമ്പോ ഡ്രൈവര്‍ എന്നെ പിന്തുടരാന്‍ തുടങ്ങി. ഹോണടിച്ചും ബഹളമുണ്ടാക്കിയും ശല്യം ചെയ്യുകയായിരുന്നു അയാള്‍. ഞാന്‍ എന്റെ വഴിയിലേക്ക് തിരിയുന്നത് വരെ അയാള്‍ എന്നെ പിന്തുടര്‍ന്നു വന്നു. ഇതൊക്കെ നേരിടാന്‍ ഒരു പെണ്‍കുട്ടിയായി ജനിച്ചാല്‍ മാത്രം മതി', എന്നാണ് ഫാത്തിമ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍