വിവാദങ്ങള്‍ക്കൊടുവില്‍ ജാനലി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. റീ എഡിറ്റ് ചെയ്ത സിനിമയുടെ പതിപ്പാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചത്. 8 മാറ്റങ്ങളോടെയാകും സിനിമയെത്തുക. ഏറ്റവും അടുത്ത ദിവസം തന്നെ സിനിമ തിയേറ്ററുകളിലെത്തിക്കുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നതിലേക്ക് മാറ്റി. സിനിമയിലെ കോടതിരംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ആവശ്യപ്പെട്ടത് പോലെ 96 കട്ടുകളില്ല. സിനിമയുടെ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 32 സെക്കന്‍ഡിലാണ് ക്രോസ് എക്‌സാമിനേഷന്‍ രംഗങ്ങള്‍ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ പേരില്‍ മാറ്റം വരുത്തണമെന്നായിരുന്നു മറ്റൊരാവശ്യം ഇതും സിനിമയുടെ നിര്‍മാതാക്കള്‍ അംഗീകരിച്ചിരുന്നു.
രാമായണത്തിലെ സീതയുടെ മറ്റൊരു പേരായ ജാനകി എന്ന പേര് സിനിമയില്‍ ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വൃണപ്പെടുത്തുമെന്നും സിനിമയില്‍ ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ സെക്‌സ് കാണൂമോ എന്നെല്ലാം അഭിഭാഷകന്‍ ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. സിനിമയില്‍ ജാനകി എന്ന കഥാപാത്രത്തെ സഹായിക്കാന്‍ മറ്റൊരു മതവിഭാഗത്തില്‍പ്പെട്ടയാള്‍ വരുന്നത് ഗൂഡ ഉദ്ദേശത്തോടെയാണ് എന്നടക്കമുള്ള കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നത്.